തൊടുപുഴ: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മദ്യം നല്‍കിയ സംഭവത്തില്‍ സ്‌കൂള്‍ ബസ് ഡ്രൈവർ അടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഇരുമ്പുപാലം ഒഴുവത്തടം ചില്ലിതോട് കക്കാട്ടില്‍ അശ്വിന്‍ ശശി (24) ഇരുമ്പുപാലം അറക്കക്കുടി വര്‍ഗ്ഗീസ് (ജോജു- 41 ) എന്നിവരെയാണ് പിടികൂടിയത്.
അശ്വിനെ പൊലിസും ജോജുവിനെ എക്‌സൈസുമാണ് അറസ്റ്റ് ചെയ്തത്.
അടിമാലി വാളറയിലെ പ്രമുഖ സര്‍ക്കാര്‍ സ്‌കൂളില്‍ യുവജനോത്സവം നടന്നപ്പോള്‍ മദ്യ ലഹരിയിലായിരുന്ന ഏതാനും വിദ്യാര്‍ഥികളെ അധ്യാപകര്‍ പിടികൂടിയിരുന്നു. സ്‌കൂളില്‍ കുട്ടികളെ ജീപ്പില്‍ കൊണ്ടുവിടുന്ന അശ്വിന്‍ ശശിയാണ് മദ്യം നല്‍കിയതെന്ന് ചോദ്യം ചെയ്യലില്‍ വിദ്യാര്‍ഥികള്‍ പറഞ്ഞു.
വിവരം പിന്നീട് പിടിഎ കമ്മിറ്റിയെ അറിയിച്ചു. നാട്ടുകാരും അധ്യാപകരും അശ്വിന്‍ ശശിയെ തടഞ്ഞ് നിര്‍ത്തി ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് പൊലീസിന് കൈമാറി. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ അടിമാലിയിലെ പ്രമുഖ സ്‌കൂളിലെ ബസ് ഡ്രൈവറായ ജോജുവാണ് മദ്യം നല്‍കിയതെന്ന് ഇയാള്‍ പറഞ്ഞു.
തുടര്‍ന്ന് എക്‌സൈസിന്റെ സഹായം തേടിയ പൊലീസ് അശ്വിനെകൊണ്ട് ജോജുവിനെ വിളിപ്പിച്ച് മദ്യം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ഓട്ടോയില്‍ ഒരു ലിറ്റര്‍ മദ്യവുമായി വരുന്നതിനിടെ ജോജുവിനെയും പിടികൂടുകയായിരുന്നു.