പത്തനംതിട്ട: പത്തനംതിട്ടയിലെ തിരുവല്ലയില്‍ നരബലി നടന്നതായി സൂചന. തിരുവല്ലയിലെ ദമ്പതിമാര്‍ക്കു വേണ്ടി എറണാകുളം ജില്ലയിലെ രണ്ടു സ്ത്രീകളെ ബലി നല്‍കിയെന്നാണ് വിവരം. പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്റ് ഷിഹാബാണ് സ്ത്രീകളെ എത്തിച്ചു നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.
കടവന്ത്രയില്‍ ഒരു സ്ത്രീയെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം തുടരവെയാണ് നടുക്കുന്ന വിവരം ലഭിച്ചത്. ഇതിനിടെ കാലടിയിലും ഒരു സ്ത്രീയെയും ബലി നല്‍കിയതായി തെളിഞ്ഞു. കഴിഞ്ഞമാസം 27 നാണ് കടവന്ത്രയില്‍ നിന്നും സ്ത്രീയെ കാണാതായത്.
ഏജന്റും ദമ്പതിമാരും പൊലീസിന്റെ പിടിയിലായിട്ടുണ്ട്. കടവന്ത്രയില്‍ കാണാതായ യുവതിയെ കൊന്ന് കഷ്ണങ്ങളാക്കിയത് പൊലീസ് കണ്ടെത്തി. ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് നരബലിയാണെന്ന് വ്യക്തമായത്. തുടര്‍ന്നാണ് മറ്റൊരു സ്ത്രീയേയും ബലി നല്‍കിയതായി മനസ്സിലായത്. പത്തനംതിട്ടയിലെ ഒരു വൈദ്യനും ഭാര്യയുമാണ് പൊലീസിന്റെ പിടിയിലായത്.
കാലടി സ്വദേശിയെ തെറ്റിദ്ധരിപ്പിച്ചാണ് പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്റ് തിരുവല്ലയില്‍ എത്തിച്ചതെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. തുടര്‍ന്ന് അവിടെ വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷമാണ് കടവന്ത്രയില്‍ നിന്നുള്ള യുവതിയെ പത്തനംതിട്ടയിലെത്തിച്ചത്. കുടുംബത്തിന് ഐശ്വര്യവും സമൃദ്ധിയും ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് നരബലി നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.