പത്തനംതിട്ട: ഇലന്തൂരിലെ നരബലിയിൽ പുതിയ വെളിപ്പെടുത്തലുമായി ദമ്പതികൾ. മുറിച്ചെടുത്ത അവയവങ്ങൾ സൂക്ഷിച്ചത് ഷാഫിയുടെ നിർദേശപ്രകാരമാണെന്നാണ് മൊഴി. ബാംഗ്ലൂരിൽ നിന്നും അവയവങ്ങൾ വാങ്ങാൻ ആളെത്തുമെന്ന് ഷാഫി പറഞ്ഞതായാണ് റിപ്പോർട്ട്. ഇലന്തൂരിൽ നരബലി മാത്രമല്ല, കൊല്ലപ്പെട്ടവരുടെ അവയവങ്ങൾ കടത്തിയെന്ന സംശയവും ബലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട സ്ത്രീകളിൽ ഒരാളായ റോസ്‌ലിയുടെ മൃതദേഹത്തിൽ കരളും വൃക്കയും ഉണ്ടായിരുന്നില്ല. ഇതാണ് സംശയം ബലപ്പെടാൻ കാരണം. സ്ത്രീകളെ കൊന്നത് അവയവ കച്ചവടത്തിന് ആണോയെന്ന സാധ്യതയാണ് അന്വേഷണം സംഘം പരിശോധിക്കുന്നത്. ഇതിനിടയിലാണ് മാംസം സൂക്ഷിക്കാൻ ഷാഫി ദമ്പതികളെ തെറ്റിദ്ധരിപ്പിച്ചതായി വാർത്തകൾ പുറത്തുവരുന്നത്. സ്ഥലത്ത് നിന്ന് കണ്ടെടുത്ത സർജിക്കൽ ബ്ലേഡുകൾ അടക്കം പൊലീസിന്റെ സംശയം ബലപ്പെടുത്തുന്നതാണ്. ഇലന്തൂരിലെ ഭഗവൽസിംഗിന്റെ വീട്ടുവളപ്പിൽ നിന്ന് കണ്ടെത്തിയ റോസ്ലിയുടെയും പത്മത്തിന്റെയും മൃതദേഹ അവശിഷ്ടങ്ങളിൽ ആന്തരിക അവയവങ്ങൾ കാണാതെപോയതാണ് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് ഷാഫി ചോദ്യം ചെയ്യലിൽ നൽകിയ മൊഴി പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. ഷാഫിയുടെ ക്രിമിനൽ ബന്ധങ്ങളും മുൻകാല ഇടപാടുകളുമാണ് ഇത്തരം സാധ്യതകളിലേക്ക് അന്വേഷണ സംഘത്തെ എത്തിക്കുന്നത്. നരബലി നടത്തിയാൽ ഐശ്വര്യം ഉണ്ടാകുമെന്ന് ഭഗവൽസിംഗിനെയും ഭാര്യ ലൈലയേയും വിശ്വസിപ്പിക്കാൻ ഷാഫി നടത്തിയ സമർഥമായ നീക്കങ്ങളെ പൊലീസ് ഏറെ സംശയത്തോടെയാണ് കാണുന്നത്. എന്നാൽ അവയവ മാഫിയയ്ക്ക് നരബലിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന യാതൊരു വിവരങ്ങളും മൂന്നുപ്രതികളുടെയും ചോദ്യം ചെയ്യലിൽ നിന്ന് അന്വേഷണ സംഘത്തിന് ഇതുവരെ ലഭിച്ചിട്ടില്ല.
'മുറിച്ചെടുത്ത അവയവങ്ങൾ വാങ്ങാൻ ആളെത്തും'; നരബലിക്കു ശേഷം മാംസം സൂക്ഷിച്ചത് ഷാഫി
jibin
0
Tags
Top Stories