കടക്ക് പുറത്തെന്ന് പറയില്ലെന്ന് ഗവര്‍ണര്‍; വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ചില മാധ്യമങ്ങളെ വിലക്കി


തിരുവന്തപുരം: മുഖ്യമന്ത്രിക്ക് മറുപടി നല്‍കുന്നതിനായി രാജ്ഭവനില്‍ വിളിച്ചുചേര്‍ത്ത സുദീര്‍ഘമായ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് നാല് മാധ്യമങ്ങളെ വിലക്കി. റിപ്പോര്‍ട്ടര്‍, മീഡിയ വണ്‍, ജയ്ഹിന്ദ്, കൈരളി എന്നീ വാര്‍ത്താ ചാനലുകള്‍ക്കാണ് രാജ്ഭവന്‍ ഇന്ന് വിലക്കേര്‍പ്പെടുത്തിയത്. മാധ്യമങ്ങളോട് ബഹുമാനമാണെന്നും കടക്ക് പുറത്തെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ചില മാധ്യമപ്രവര്‍ത്തകര്‍ പാര്‍ട്ടി പ്രവര്‍ത്തകരാണെന്ന് ഗവര്‍ണര്‍ പറയുന്നു. അതുകൊണ്ടാണ് താന്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ പിപ്പിടി പ്രയോഗം ഉള്‍പ്പെടെ പരാമര്‍ശിച്ചായിരുന്നു രാജ്ഭവനില്‍ ഗവര്‍ണറുടെ വാര്‍ത്താ സമ്മേളനം. ചെപ്പടിവിദ്യ കാണിക്കുന്നവരോട് അല്‍പം പിപ്പിടിയാകാമെന്നായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം. മാധ്യമപ്രവര്‍ത്തനം എന്ന നിലയില്‍ ചിലര്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയാണെന്നും കടക്കു പുറത്തെന്ന് താന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിരിക്കുമ്പോള്‍ മാധ്യമ സിന്‍ഡിക്കേറ്റ് എന്നു പറഞ്ഞതും ഭരണ പക്ഷത്ത് ഇരിക്കുമ്പോള്‍ കടക്ക് പുറത്തെന്നും പറഞ്ഞതും താനല്ല. മാധ്യമങ്ങളോട് തനിക്കെന്നും ബഹുമാനമാണ്. ജനാധിപത്യത്തില്‍ മാധ്യമങ്ങള്‍ അത്യാവശ്യ ഘടകമാണ്. എന്നാല്‍ മാധ്യമ പ്രവര്‍ത്തനം പാര്‍ട്ടി പ്രവര്‍ത്തനമായി കാണുന്നവരോട് പ്രതികരിക്കാനില്ല എന്നാണ് പറഞ്ഞത്. അധികാര ദുര്‍വിനിയോഗം നടത്തിയത് താനല്ല, വിസിമാരാണ്. മുഖ്യമന്ത്രിയോട് ചോദ്യം ചോദിയ്ക്കാന്‍ മാധ്യമങ്ങള്‍ക്ക് ധൈര്യം ഇല്ലാത്ത സ്ഥിതിയാണ്.

Previous Post Next Post