ലക്നൗ∙ഉത്തർപ്രദേശിൽ റോഡരികിലെ കടയുടെ മുന്നിൽനിന്ന് ബൾബ് മോഷ്ടിച്ചു പൊലീസ് ഉദ്യോഗസ്ഥൻ. ഉത്തർപ്രദേശിലെ പ്രയാഗ്‍രാജിലുള്ള ഒരു കടയ്ക്കു മുന്നിൽനിന്നാണ് കത്തിക്കൊണ്ടിരുന്ന ബൾബ് പൊലീസുകാരൻ ഊരിയെടുത്തത്. ദൃശ്യങ്ങൾ വൈറലായതോടെ പൊലീസുകാരനെ സസ്പെൻഡ് ചെയ്തു
ഫൂൽപൂർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ രാജേഷ് വർമയ്ക്കെതിരെയാണു നടപടി. പൂട്ടിയിട്ടിരുന്ന കടയ്ക്കു മുന്നിലെത്തിയ പൊലീസുകാരൻ ചുറ്റും നോക്കിയ ശേഷം ബള്‍ബ് ഊരിയെടുത്തു പോക്കറ്റിലിട്ട് കൊണ്ടുപോകുകയായിരുന്നു. ദസറയോട് അനുബന്ധിച്ച് നൈറ്റ്‍ഡ്യൂട്ടിയിലായിരുന്നു പൊലീസുദ്യോഗസ്ഥൻ. ഒക്ടോബർ ആറിനാണു സംഭവം നടന്നതെന്നു നാട്ടുകാർ പ്രതികരിച്ചു.
രാവിലെ കടയുടമ എത്തിയപ്പോള്‍ ബൾബ് കാണാത്തതിനെ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. അപ്പോഴാണ് പൊലീസുകാരന്റെ മോഷണം ശ്രദ്ധയിൽപെട്ടത്. അടുത്തിടെയാണ് ഇയാൾക്ക് പ്രൊമോഷൻ ലഭിച്ചത്. രാജേഷ് വർമയ്ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുട്ടായതിനാൽ തനിക്കു ഡ്യൂട്ടിയുണ്ടായ ഇടത്തേക്ക് ബൾബ് മാറ്റിയിട്ടതാണെന്നാണു പൊലീസുകാരന്റെ വാദം.