ഹർത്താൽ അക്രമം: പോപ്പുലർ ഫ്രണ്ടിന്റെ സ്വത്ത് കണ്ടുകെട്ടിയതിന്റെ വിശദാംശങ്ങൾ തേടി ഹൈക്കോടതി


കൊച്ചി: പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ ആക്രമണങ്ങളിൽ കടുത്ത നിലപാടുമായി കേരള ഹൈക്കോടതി. പോപ്പലർ ഫ്രണ്ടിന്റെയും സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താറിന്റെയും വസ്തുവകകൾ കണ്ടു കെട്ടിയതിന്റെ വിശദാംശങ്ങൾ അറിയിക്കാൻ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. രജിസ്റ്റർ ചെയ്ത മുഴുവൻ ഹർത്താൽ ആക്രമണക്കേസുകളിലും ഉണ്ടായ നഷ്ടം എത്രയെന്ന് അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. നവംബർ ഏഴിന് ഇക്കാര്യത്തിൽ സത്യവാങ്മൂലം സമർപ്പിക്കാനാണ് സർക്കാരിനെ കോടതി അറിയിച്ചിരിക്കുന്നത്. സ്ഥാപനങ്ങളിൽ എൻഐഎ റെയ്ഡ് നടത്തുകയും നേതാക്കളെ കൂട്ടമായി അറസ്റ്റു ചെയ്തു ജയിലിലടയ്ക്കുകയും ചെയ്തതിനെതിരെ പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിനെതിരെ ജസ്റ്റിസ് എ കെ ജയശങ്കരൻ, ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവരുടെ ഡിവിഷൻ ബെഞ്ച് സ്വമേധയാ കേസെടുക്കുകയായിരുന്നു. ഹർത്താൽ നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയ കോടതി, ആഹ്വാനം ചെയ്തവർക്കെതിരെ കോടതിയലക്ഷ്യത്തിനു നടപടി നിർദേശിച്ചിരുന്നു. സ്വകാര്യ സ്വത്തിനും പൊതു മുതലിനും നാശം വരുത്തിയവർക്കെതിരെ പ്രത്യേകം കേസെടുക്കാനും ആവശ്യപ്പെട്ടു.

Previous Post Next Post