വയോധികയുടെ സ്വർണമാല പൊട്ടിച്ച്‌ കടന്നുകളഞ്ഞ യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ അറസ്‌റ്റിൽ

.
യൂത്ത്‌ കോൺഗ്രസ്‌ വർക്കല നടയറ ടൗൺ മുൻ പ്രസിഡന്റ്‌ തിരുവനന്തപുരം ചെമ്മരുതി മേലേത്തിൽവീട്ടിൽ അക്‌ബർ ഷായാണ്‌ (35) എറണാകുളം നോർത്ത്‌ പൊലീസിന്റെ പിടിയിലായത്‌. ഞായർ രാത്രി 7.30ന്‌ കലൂർ പള്ളിക്ക്‌ എതിർവശം ബാങ്ക്‌ റോഡിൽ ഭർത്താവിനൊപ്പം നടന്നുപോയ എഴുപതുകാരിയുടെ മാല മോഷ്ടിച്ച് ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു.

സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യം പിന്തുടർന്ന്‌ നോർത്ത് ഇൻസ്പെക്ടർ കെ ബ്രിജുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ പിടികൂടിയത്‌. രണ്ടുപവന്റെ മാലയാണ് മോഷ്ടിച്ചത്. എസ്‌ആർഎം റോഡിൽ വാടകയ്ക്ക്‌ താമസിച്ച മുറിയിൽനിന്ന് മാല കണ്ടെടുത്തു. ചോദ്യംചെയ്തപ്പോൾ പരസ്പരവിരുദ്ധമായാണ് മൊഴി നൽകിയത്. തുടർന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്‌തപ്പോഴാണ്‌ അക്‌ബർ ഷാ കുറ്റം സമ്മതിച്ചത്.

ജോലിതേടി കൊച്ചിയിലെത്തിയിട്ട് ഒരു മാസമായെന്നും രണ്ട്‌ വിവാഹം കഴിച്ചിട്ടുണ്ടെന്നും പൊലീസിനോട്‌ പറഞ്ഞിട്ടുണ്ട്‌. കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്‌തു. കൊച്ചി സെൻട്രൽ എസിപി സി ജയകുമാറിന്റെ മേൽനോട്ടത്തിൽ പ്രത്യേക സ്‌ക്വാഡ് അംഗങ്ങളായ വിനീത് പവിത്രൻ, എ അജിലേഷ്, ദിലീപ്, അനീഷ്, ഉണ്ണിക്കൃഷ്ണൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Previous Post Next Post