'
ചെന്നൈ: കേരളത്തില്‍ ഗറില്ലാ ആക്രമണം നടത്താന്‍ തീരുമാനിച്ചിരുന്നതായി എല്‍ടിടിഇ അനുകൂല നീക്കത്തിന്റെ പേരില്‍ പിടിയിലായ യുവാക്കളുടെ മൊഴി. ഇതിനായി വേള്‍ഡ് തമിഴ് ജസ്റ്റിസ് കോടതി (ഡബ്ല്യുടിജെസി) എന്ന പേരില്‍ ഗറില്ലാ പ്രസ്ഥാനം ആരംഭിക്കാന്‍ പദ്ധതിയിട്ടിരുന്നതായും ഇവര്‍ സമ്മതിച്ചു. തമിഴ്‌നാടിന് അര്‍ഹമായ വെള്ളം വിട്ടു കിട്ടാനായാണ് ആക്രമണം പദ്ധതിയിട്ടത് എന്നാണ് മൊഴി.
സേലം സ്വദേശികളായ നവീന്‍ ചക്രവര്‍ത്തി (24),സഞ്ജയ് പ്രകാശ് (25) എന്നിവരാണ് വെളിപ്പെടുത്തല്‍ നടത്തിയത്. നാടന്‍ തോക്ക് കൈവശം വച്ചതിന് പിടിയിലായ ഇവരുടെ താമസസ്ഥലത്തുള്‍പ്പെടെ എന്‍ഐഎ നടത്തിയ പരിശോധനയില്‍ സയനൈഡിനു പകരം വിഷമായി ഉപയോഗിക്കുന്ന ചെടികളും വിത്തുകളും കണ്ടെത്തി. കഴിഞ്ഞ 7ന് ദേശീയ അന്വേഷണ ഏജന്‍സി സേലത്തും ശിവഗംഗയിലും നടത്തിയ തിരച്ചിലിലാണ് ഇതു കണ്ടെത്തിയത്. ഇരുവരും വീട് വാടകയ്‌ക്കെടുത്ത് ആയുധ നിര്‍മാണവും നടത്തിയിരുന്നു.