ടാറ്റയുമായി കൈകോർത്ത് എയർബസ് C295 ഇനി ഗുജറാത്തിൽ നിർമ്മിക്കും: 22,000 കോടിയുടെ പദ്ധതി; പ്രധാനമന്ത്രി തറക്കല്ലിടും, സി295 എയർക്രാഫിനെകുറിച്ച് കൂടുതലറിയാം;


ഗുജറാത്ത് : ഇന്ത്യയുടെ ആത്മനിര്‍ഭര്‍ ഭാരത് ദർശനത്തിന് ഊര്‍ജം പകര്‍ന്ന് വ്യോമസേനക്ക്‌ വേണ്ടി സി295 (C295) ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റുകള്‍ രാജ്യത്ത് നിർമ്മിക്കാൻ ഒരുങ്ങുന്നു. യൂറോപ്യന്‍ വിമാന നിർമ്മാതാക്കളായ എയര്‍ബസും ഇന്ത്യൻ കമ്പനിയായ ടാറ്റയുമാണ് ഇതിനായി കൈകോർക്കുന്നത്. ഗുജറാത്തിലെ വഡോദരയിലാണ് നിർമ്മാണ പ്ലാന്റ് ആരംഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച (ഒക്ടോബർ 30) പ്ലാന്റിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിക്കും. സംസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിനിടെയാണ് ഗുജറാത്തിൽ ഇത്തരമൊരു പദ്ധതിയ്ക്ക് തുടക്കം കുറിയ്ക്കുന്നത് എന്നത് ശ്രദ്ധേയമാണ്. 'ഇതാദ്യമായാണ് സി-295 വിമാനം യൂറോപ്പിന് പുറത്ത് നിര്‍മ്മിക്കുന്നത്. ആഭ്യന്തര ബഹിരാകാശ മേഖലയ്ക്ക് ഇത് വളരെ പ്രധാന്യമർഹിക്കുന്നതാണ്' പ്രതിരോധ സെക്രട്ടറി അജയ് കുമാര്‍. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍, എയര്‍ഫോഴ്സിന്റെ ആവ്‌റോ748 വിമാനങ്ങള്‍ക്ക് പകരമായി 56 സി295 വിമാനങ്ങള്‍ വാങ്ങുന്നതിനായി എയര്‍ബസ് ഡിഫന്‍സ് ആന്റ് സ്പേസുമായി 21,000 കോടി രൂപയുടെ കരാറില്‍ ഇന്ത്യ ഒപ്പുവച്ചിരുന്നു. ഇതനുസരിച്ച് പ്രവര്‍ത്തനക്ഷമമായ 16 വിമാനങ്ങള്‍ കരാര്‍ ഒപ്പിട്ട് നാല് വര്‍ഷത്തിനുള്ളില്‍ സ്‌പെയിനില്‍ നിന്ന് രാജ്യത്ത് എത്തിക്കും. ഇതിന് പുറമെ, നാല്‍പത് വിമാനങ്ങള്‍ ടാറ്റാ - എയർബസ് കണ്‍സോര്‍ഷ്യം ഇന്ത്യയില്‍ നിര്‍മ്മിക്കും.

ഒരു സ്വകാര്യ കമ്പനി ഇന്ത്യയില്‍ സൈനിക വിമാനം നിര്‍മ്മിക്കുന്ന ആദ്യ പദ്ധതിയാണിത്. 21,935 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്.

സി295 എയർക്രാഫിനെകുറിച്ച് കൂടുതലറിയാം;

1. പുതിയ സി295 ട്രാന്‍സ്‌പോര്‍ട്ട് എയർക്രാഫ്റ്റ് ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ ആവ്‌റോ വിമാനത്തിന് പകരമായിരിക്കും ഉപയോഗിക്കുക. എയര്‍ബസ് പറയുന്നതനുസരിച്ച്, വാട്ടര്‍ ബോംബര്‍, എയര്‍ ടാങ്കര്‍ എന്നിവയായും വിഐപികളെ കൊണ്ടുപോകുന്നതിനും മെഡിക്കല്‍ ഇവാക്യുഷേനായും ഇത് ഉപയോഗിക്കാം.

2. അഡ്വാന്‍സ്ഡ് ലാന്‍ഡിംഗ് ഗ്രൗണ്ടുകളില്‍ (എഎല്‍ജി) മുതൽ തയ്യാറെടുപ്പുകൾ പൂർത്തിയാക്കാത്ത റണ്‍വേകളില്‍ വരെ വിമാനത്തിന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ഐഎഎഫ് വൈസ് ചീഫ് എയര്‍ മാര്‍ഷല്‍ സന്ദീപ് സിംഗ് പറഞ്ഞു. ചെറിയ ടേക്ക് ഓഫും ലാന്‍ഡിംഗുമാണ് എയർക്രാഫിന്റെ മറ്റൊരു സവിശേഷത. സൈനികരുടെയും ചരക്കുകളുടെയും പാരാ ഡ്രോപ്പിംഗിനായി വിമാനത്തിന് പിന്നിൽ ഒരു റാംപ് ഡോറും ഉണ്ട്.

3. വിമാനത്തിന്റെ ക്യാബിന് 12.7 മീറ്റര്‍ അഥവാ 41 അടി 8 ഇഞ്ച് നീളമാണുള്ളത്. വിമാനത്തിനുള്ളൽ40 മുതൽ 45 വരെ പാരാട്രൂപ്പര്‍മാരെയോ 70 യാത്രക്കാരെയോ വഹിക്കാന്‍ കഴിയും.

4. സി295-ന് ഏത് കാലാവസ്ഥയിലും പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. യുദ്ധാവശ്യങ്ങൾക്കും മറ്റും രാവും പകലും സ്ഥിരമായി ഉപയോഗിക്കാനാകും.

5. നൈറ്റ് വിഷന്‍ ഗ്ലാസുകള്‍ക്ക് അനുയോജ്യമായ നാല് വലിയ മാട്രിക്‌സ് ലിക്വിഡ് ക്രിസ്റ്റല്‍ ഡിസ്‌പ്ലേകള്‍ (6 x 8 ഇഞ്ച്) ഉള്‍പ്പെടെ സി-295-ന് ഡിജിറ്റല്‍ ഏവിയോണിക്സ് ഉള്ള ഒരു ഗ്ലാസ് കോക്ക്പിറ്റാണുള്ളത്.

Previous Post Next Post