അമേരിക്ക: ഗര്‍ഭിണിയായ സുഹൃത്തിനെ കൊലപ്പെടുത്തി ഗര്‍ഭപാത്രത്തില്‍ നിന്ന് പെണ്‍കുഞ്ഞനെ തട്ടിക്കൊണ്ട് പോയ സ്ത്രീയ്ക്ക് വധശിക്ഷ. 2020 ഒക്ടോബറിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അമേരിക്കയിലെ ടെക്സാസിലാണ് സംഭവം.ടെയ്ലര്‍ റെനെ പാര്‍ക്കര്‍ എന്ന 29 വയസുള്ള യുവതിയാണ് 21 വയസ് പ്രായമുള്ള റീഗന്‍ മീഷേല്‍ സിമോണിനെ കൊലപ്പെടുത്തി ഇവരുടെ കുഞ്ഞിനെ തട്ടിയെടുത്തത്. ഗര്‍ഭപാത്രത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പെണ്‍കുഞ്ഞ് പിന്നീട് മരിച്ചിരുന്നു. റീഗനെ തല അടിച്ച് തകര്‍ത്ത ശേഷമായിരുന്നു ടെയ്ലര്‍ ഇവരുടെ വയറുകീറി പെണ്‍കുഞ്ഞിനെ പുറത്തെടുത്തത്. അഞ്ചിലേറെ തവണ ഇതിനായി റീഗന്‍റെ തലയില്‍ അടിച്ചുവെന്നാണ് പൊലീസ് കണ്ടെത്തല്‍. 6 സ്ത്രീകളും 6 പുരുഷന്മാരും അടങ്ങുന്ന ജൂറി ഏകകണ്ഠമായാണ് ടെയ്ലര്‍ കുറ്റം ചെയ്തതായി വിധിച്ചത്.
മൂന്ന് ആഴ്ചകള്‍ക്ക് മുന്‍പ് ടെയ്ലറെ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയിരുന്നു. എന്നാല്‍ വയറുകീറിയെടുത്ത കുഞ്ഞിന് ജീവനില്ലായിരുന്നതിനാല്‍ തട്ടിക്കൊണ്ട് പോകലിനുള്ള കുറ്റം ഒഴിവാക്കണമെന്ന ടെയ്ലറുടെ അപ്പീലിന് തീര്‍പ്പ് എത്തിയ ശേഷമാണ് കോടതി വധശിക്ഷ വിധിച്ചത്. ജനിച്ച സമയത്ത് കുഞ്ഞിന് ഹൃദയമിടിപ്പുണ്ടായിരുന്നുവെന്ന ആരോഗ്യ വിദഗ്ധരുടെ മൊഴി കോടതി പരിഗണിച്ചു. പുരുഷ സുഹൃത്തായിരുന്ന ഗ്രിഫിനോട് താന്‍ ഗര്‍ഭിണിയാണെന്ന് ടെയ്ലര്‍ പറഞ്ഞിരുന്നു. എന്നാല്‍ സമയമായിട്ടും കുട്ടിയുണ്ടായില്ലെന്നും ടെയ്ലര്‍ വഞ്ചിക്കുകയാണെന്നും ഗ്രിഫിന് ലഭിച്ച അജ്ഞാത സന്ദേശം തെറ്റെന്ന് തെളിയിക്കാനായി കുഞ്ഞിനെ കണ്ടെത്താനുള്ള ശ്രമമാണ് കൊടുംക്രൂരതയില്‍ അവസാനിച്ചത്.
തനിക്ക് ഇരയാക്കാന്‍ പറ്റിയ ഗര്‍ഭിണിയെ ടെയ്ലര്‍ ഹോസ്പിറ്റലില്‍ നിന്ന് തന്ത്രപരമായി കണ്ടെത്തുകയായിരുന്നുവെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ തെളിയിച്ചു. ടെയ്ലര്‍ ക്രൂരമായി റീഗനെ കൊല ചെയ്യുന്ന സമയത്ത് ഇവരുടെ മൂന്ന് വയസ് പ്രായമുള്ള പെണ്‍കുഞ്ഞ് സംഭവസ്ഥലത്തുണ്ടായിരുന്നു. വയറ് കീറികുഞ്ഞിനെ പുറത്തെടുക്കുന്ന സമയത്ത് റീഗന്‍ മരിച്ചിട്ടില്ലായിരുന്നെന്നാണ് ആരോഗ്യ വിദഗ്ധര്‍ കോടതിയെ അറിയിച്ചത്. ടെയ്ലറുടെ ശിക്ഷാവിധി ഒക്ടോബര്‍ 12ന് ആരംഭിക്കും