കോട്ടയം :മാമ്പഴക്കള്ളൻ പോലീസുകാരൻ സേനയെ മുങ്ങി നടക്കാൻ തുടങ്ങിയിട്ട് 15 ദിവസം. പോലീസ് സേനയിലെ ഒരു പോലീസുകാരൻ മാമ്പഴം മോഷ്ടിച്ചതിനേക്കാൾ നാണക്കേടായി മാറിയിരിക്കുകയാണ് ദിവസങ്ങൾ ഇത്ര കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ കഴിയുന്നില്ല എന്നത്. പ്രതി ഒളിവിൽ ഇരിക്കുന്നത് പോലീസിന്റെ ഒത്താശയോടെ ആണോ എന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ഇതിനിടെയാണ് സ്കൂളിലെ ഫാൻസീഡ്രസ് മത്സരത്തിൽ എൽകെജി വിദ്യാർഥി മാമ്പഴക്കള്ളൻ പൊലീസുകാരനായി വേദിയിലെത്തിയത്.
പോലീസിന്റെ വേഷം ധരിച്ച് കുട്ടിപ്പൊലീസ് മാമ്പഴ കള്ളനായ അഭിനയിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആനക്കല്ല് സെന്‍റ് ആന്റണീസ് പബ്ലിക് സ്കൂളിലെ ഫാൻസി ഡ്രസ് മത്സരത്തിലെ നിബ്രാസ് റഹ്മാൻ എന്ന വിദ്യാർഥിയുടെ വേഷമാണ് വൈറലായിരിക്കുന്നത്. പൊലീസ് വേഷത്തിലെത്തിയ നിബ്രാസ് സ്റ്റേജില്‍ വെച്ചേക്കുന്ന പെട്ടിയിൽ നിന്ന് മാമ്പഴം ചുറ്റും നോക്കി എടുത്തുകൊണ്ടു പോകുന്ന രീതിയിലാണ് പരിപാടി അവതരിപ്പിച്ചത്.