'ആളില്ലാത്ത വീട് പോലീസ് കുത്തിത്തുറന്നു, ശേഷം 10 പവൻ കാണാനില്ല'; പരാതിയുമായി സൈമൺ ബ്രിട്ടോയുടെ ഭാര്യ


കൊച്ചി: അന്തരിച്ച സിപിഎം നേതാവും മുൻ എംഎൽഎയുമായ സൈമൺ ബ്രിട്ടോയുടെ വീട് ആളില്ലാത്ത സമയത്ത് പോലീസ് കുത്തിത്തുറന്നുവെന്ന് പരാതി. സൈമൺ ബ്രിട്ടോയുടെ ഭാര്യ സീന ആണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. ഞാറയ്ക്കലിൽ നിന്നുള്ള പോലീസ് സംഘം വാടകയ്ക്ക് നൽകിയിരുന്ന വീട്ടിലെത്തി വാതിൽ കുത്തിത്തുറന്നും ഇതിനുശേഷം വീട്ടിലുണ്ടായിരുന്ന 10 പവനോളം ആഭരണം കാണാനില്ലെന്നുമാണ് പരാതി. കത്തിക്കുത്ത് കേസിലെ പ്രതി വീടിനകത്ത് ഒളിച്ചിരിപ്പുണ്ടെന്നു ആരോപിച്ചിച്ചായിരുന്നു പോലീസ് നടപടിയെന്നും പരാതിയിൽ പറയുന്നു. തിങ്കളാഴ്ച പുലർച്ചെ എറണാകുളം വടുതലയിലെ വീട്ടിലാണ് സംഭവമെന്നാണ് പരാതിയിൽ പറയുന്നത്. മകളുടെ പഠനാവശ്യത്തിനായി സീന നിലവിൽ ഡൽഹിയിലാണ്. വീട് വാടകയ്ക്ക് കൊടുത്തിരുന്നെങ്കിലും ചില ആഭരണങ്ങളും സൈമൺ ബ്രിട്ടോയ്ക്കു ലഭിച്ച പുരസ്കാരങ്ങളും ഇവിടെ സൂക്ഷിച്ചിരുന്നു. ആളില്ലാത്ത സമയത്ത് പോലീസ് വീട് കുത്തിത്തുറന്ന് പരിശോധന നടത്തിയ ശേഷം 10 പവനോളം ആഭരണങ്ങളും ചില പുരസ്കാരങ്ങളും കാണാനില്ലെന്നാണ് സീന പരാതിയിൽ പറയുന്നത്. ഇതു സംബന്ധച്ചു പോലീസിനെതിരെ അന്വേഷണം വേണമെന്നാണ് സീനയുടെ ആവശ്യം. അതേസമയം കത്തിക്കുത്ത് കേസിലെ പ്രതിയായ ലിപിൻ ജോസഫ് വീട്ടിൽ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതോടെയാണ് വീട് തുറന്ന് പരിശോധന നടത്തിയതെന്നാണ് ഞാറയ്ക്കൽ പോലീസിൻ്റെ വിശദീകരണം. പ്രതിയുടെ ടവർ ലൊക്കേഷൻ അനുസരിച്ചാണ് ഒളിവിൽ കഴിയുന്ന വീടിനെ സംബന്ധിച്ച വിവരം ലഭിച്ചത്. വീട്ടിൽ താമസിച്ചിരുന്ന ആലപ്പുഴ സ്വദേശിക്കൊപ്പമാണ് ലിപിൻ ജോസഫ് താമസിച്ചിരുന്നതെന്നും വിവരം ലഭിച്ചിരുന്നു. ഇതനുസരിച്ചാണ് തിങ്കളാഴ്ച പുലർച്ചെ വീട്ടിൽ എത്തിയത്. എന്നാൽ വീട് സൈമൺ ബ്രിട്ടോയുടെ ഉടമസ്ഥതയിലുള്ളതാണെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. ലിപിൻ ജോസഫ് ഉപയോഗിച്ച വാഹനം വീട്ടുപരിസരത്തുനിന്ന് കസ്റ്റഡിയിലെടുത്തുവെന്നും വാതിലിനു വന്ന കേടുപാട് പരിഹരിക്കാൻ അന്നുതന്നെ നടപടി സ്വീകരിച്ചുവെന്നും പോലീസിനെ ഉദ്ധരിച്ചു ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

Previous Post Next Post