ശബരിമല മണ്ഡല - മകരവിളക്ക് തീര്‍ഥാടനം; സുരക്ഷയ്ക്ക് 13,000 പോലീസുകാർ, 134 സിസിടിവി ക്യാമറകള്‍


പത്തനംതിട്ട: സുരക്ഷിതമായ ശബരിമല മണ്ഡല - മകരവിളക്ക് തീര്‍ഥാടനത്തിനായുള്ള ക്രമീകരണങ്ങള്‍ സജ്ജമാക്കി കേരള പോലീസ്. കൊവിഡിനു ശേഷമുള്ള തീര്‍ഥാടനമായതിനാല്‍ തീർഥാടകബാഹുല്യം കണക്കിലെടുത്ത് 13,000 പോലീസുകാരെ വിന്യസിക്കും. ആറുഘട്ടം വരുന്ന സുരക്ഷാ പദ്ധതിക്കാണ് പോലീസ് രൂപം നൽകിയിരിക്കുന്നത്. സന്നിധാനം, നിലയ്ക്കല്‍, വടശേരിക്കര എന്നിവിടങ്ങളില്‍ താൽക്കാലിക പോലീസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. പ്രത്യേക സുരക്ഷാ മേഖലയായി തിരിച്ചിരിക്കുന്ന 11 സ്ഥലങ്ങളില്‍ അതീവ സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടാകും. തങ്ക അങ്കി ഘോഷയാത്ര, തിരുവാഭരണ ഘോഷയാത്ര, മകരവിളക്ക് എന്നിവയ്ക്ക് പ്രത്യേകമായി കൂടുതല്‍ പോലീസിനെ വിന്യസിക്കും. തീര്‍ഥാടകരുടെ സുരക്ഷയ്‌ക്കൊപ്പം ട്രാഫിക് ലംഘനങ്ങളും അപകടവും ഉണ്ടാകാതിരിക്കാന്‍ ബൈക്ക്, മൊബൈല്‍ പട്രോളിങ് എന്നിവ ഉണ്ടാകും. സന്നിധാനം, പമ്പ എന്നിവിടങ്ങളിലായി 24 മണിക്കൂറും 134 സിസിടിവി ക്യാമറകള്‍ സുരക്ഷയൊരുക്കും. വാഹന തിരക്ക് നിരീക്ഷിക്കുന്നതിന് ജില്ലാ അതിര്‍ത്തിയില്‍ സിസിടിവി കാമറകള്‍ ഉണ്ടാകും. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എന്‍ഡിആര്‍എഫ്, ആര്‍എ എഫ് ടീമിനെ വിന്യസിക്കും. പ്രധാന സ്ഥലങ്ങളില്‍ കേരള പോലീസിന്റെ കമാന്‍ഡോകളെ വിന്യസിക്കും. നിരീക്ഷണത്തിനായി നേവിയോടും എയര്‍ഫോഴ്‌സിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. സുഗമമായ തീര്‍ഥാടനത്തിനായി ഡ്രോണ്‍ സേവനം ഉപയോഗിക്കും.  പ്രധാന വാഹന പാര്‍ക്കിങ് ഏരിയ നിലയ്ക്കല്‍ ആണെന്നും അനധികൃത പാര്‍ക്കിങ് അനുവദിക്കുകയില്ലെന്നും പോലീസ് മേധാവി പറഞ്ഞു. ഇടത്താവളങ്ങളില്‍ പ്രത്യേക പോലീസ് സംവിധാനം ക്രമീകരിക്കും. ബാരിക്കേഡ്, ലൈഫ് ഗാര്‍ഡ്, മറ്റ് സുരക്ഷ സംവിധാനങ്ങള്‍ പമ്പാതീരത്ത് ഒരുക്കിയിട്ടുണ്ട്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന തീര്‍ഥാടകരെ സഹായിക്കുന്നതിനും പ്രശ്‌നക്കാരെ തിരിച്ചറിയുന്നതിനും അവിടെ നിന്നുള്ള പോലീസുകാരെ നിയോഗിക്കും. മറ്റ് വകുപ്പുകളുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നതിന് ഒരു നോഡല്‍ ഓഫീസറെ നിയോഗിച്ചിട്ടുണ്ട്. തീര്‍ഥാടന ദിവസങ്ങളില്‍ മുഴുവന്‍ സമയവും പോലീസ് സേനയുടെ പ്രത്യേക നിരീക്ഷണം ഉണ്ടാകും.


Previous Post Next Post