മുംബൈ: മുംബൈയിൽ 132 വർഷം പഴക്കമുള്ള തുരങ്കം കണ്ടെത്തിയതായി പുരാവസ്തു വകുപ്പ്. സർക്കാർ നടത്തുന്ന ജെ.ജെ ആശുപത്രിയുടെ ബേസ്‌മെന്റിലാണ് തുരങ്കം കണ്ടെത്തിയത്. ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ച 200 മീറ്റർ നീളമുള്ള തുരങ്കത്തിന്റെ തറക്കല്ലിൽ 1890 എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. റസിഡന്റ് മെഡിക്കൽ ഓഫീസർ (ആർഎംഒ), ഡോ. അരുൺ റാത്തോഡ് ബുധനാഴ്‌ച മെഡിക്കൽ കോളജിന്റെ ഭിത്തിയിൽ ഒരു ദ്വാരം കണ്ടെത്തി. കൗതുകം തോന്നിയ മെഡിക്കൽ ഓഫിസർ അവിടെയുണ്ടായിരുന്ന മൂടി മാറ്റാൻ ശ്രമിച്ചു. സെക്യൂരിറ്റി ജീവനക്കാരുടെ സഹായത്തോടെ മൂടി തുറന്ന് ബേസ്‌മെന്റിലേക്ക് പോയപ്പോഴാണ് തുരങ്കം കണ്ടെത്തിയത്. തുടർന്ന് ആശുപത്രി അധികൃതർ പുരാവസ്‌തു വകുപ്പിനെയും പ്രാദേശിക ഭരണകൂടത്തെയും വിവരമറിയിച്ചു. ആശുപത്രി വളപ്പിലെ നഴ്സിങ് കെട്ടിടത്തിന് താഴെയാണ് തുരങ്കമുള്ളത്. 1890 ജനുവരി 27ന് ബോംബെ ഗവർണറാണ് കെട്ടിടത്തിന് തറക്കല്ലിട്ടത്. നേരത്തെ ഈ കെട്ടിടം സ്ത്രീകളെയും കുട്ടികളെയും ചികിത്സിക്കുന്നതിനുള്ള വാർഡായി ഉപയോഗിച്ചിരുന്നു. പിന്നീട് ഇത് നഴ്സിങ് കോളജാക്കി മാറ്റുകയായിരുന്നു. 177 വർഷങ്ങൾക്ക് മുൻപ് സർ ജംഷഡ്‌ജി ജിജിഭോയ്, സർ റോബർട്ട് ഗ്രാന്‍റ് എന്നിവരുടെ സഹകരണത്തോടെയാണ് ജെ.ജെ ആശുപത്രി കെട്ടിടം പണിതത്. ആശുപത്രി കെട്ടിടത്തിന്‍റെ നിർമാണത്തിനായി 1838 മാർച്ച് 16ന് ജംഷഡ്‌ജി ജിജിഭോയ് ഒരു ലക്ഷം രൂപ സംഭാവന നൽകിയിരുന്നു. 1843 മാർച്ച് 30ന് ഗ്രാന്‍റ് മെഡിക്കൽ കോളജിന് തറക്കല്ലിട്ടു. 1845 മെയ് 15ന് ഗ്രാന്‍റ് മെഡിക്കൽ കോളജും ജെ.ജെ ആശുപത്രിയും മെഡിക്കൽ വിദ്യാർഥികൾക്കും രോഗികൾക്കുമായി തുറന്നുകൊടുത്തു.
മുംബൈയിൽ 132 വർഷം പഴക്കമുള്ള തുരങ്കം കണ്ടെത്തി
jibin
0
Tags
Top Stories