തേനീച്ച കുത്തി 14കാരി മരിച്ചു ; 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

പാലക്കാട്: പൊതുമരാമത്ത് വകുപ്പിന്റെ ഭൂമിയിലുള്ള പൂളമരത്തിൽ കൂടു വച്ച തേനീച്ചകൾ കുത്തി 14 വയസുള്ള പെൺകുട്ടി മരിച്ച സംഭവത്തിൽ അവകാശികൾക്ക് സർക്കാർ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ചീഫ് സെക്രട്ടറിക്കാണ് ഉത്തരവ് നൽകിയത്. മരം മുറിക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ നഷ്ടപരിഹാരം അവരിൽ നിന്ന് ഈടാക്കാമെന്ന് ഉത്തരവിൽ പറയുന്നു.

പാലക്കാട് ചിറ്റൂർ എരുത്തേമ്പതി വണ്ണാമട സ്വദേശി മുരുകേശന്റെ മകൾ ആർത്തിക്കാണ് 2020 ഏപ്രിൽ 25 ന് രാത്രി വീട്ടിൽ വച്ച് തേനീച്ചകളുടെ കുത്തേറ്റത്. തേനീച്ച ശല്യം കാരണം പൂളമരം മുറിക്കണമെന്നാവശ്യപ്പെട്ട് മുരുകേശൻ 2018 മുതൽ പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് പരാതി നൽകിയിട്ടും മുറിക്കാത്തതായിരുന്നു ദുരന്ത കാരണം. കമ്മീഷൻ കൊഴിഞ്ഞാംപാറ പൊതുമരാമത്ത് നിരത്തുകൾ വിഭാഗം അസിസ്റ്റന്‍റ് എഞ്ചിനീയറിൽ നിന്ന് റിപ്പോർട്ട് വാങ്ങി.
Previous Post Next Post