✍️ Jowan Madhumala
ബജാജ് ചേതക് സ്‌കൂട്ടറില്‍ ലോകം ചുറ്റാനിറങ്ങിയ മലയാളികളായ അഫ്സലിനും ബിലാലിനും റിയാദ് ടാക്കീസ് സ്വീകരണം നല്‍കി. മലസ് കിങ് അബ്ദുല്ല പാര്‍ക്ക് പരിസരത്ത് ചേര്‍ന്ന ചടങ്ങില്‍ രക്ഷാധികാരി അലി ആലുവ ആമുഖ പ്രസംഗം നടത്തി. പ്രസിഡന്റ് നൗഷാദ് ആലുവ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ വി.ജെ. നസ്രുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.
ലഹരിവിരുദ്ധ ബോധവത്കരണവുമായാണ് 2000 മോഡല്‍ ബജാജ് ചേതക് സ്കൂട്ടറില്‍ കാസര്‍കോട് നയ്യാര്‍മൂല സ്വദേശികളായ അഫ്സലിന്‍റെയും ബിലാലിന്‍റെയും ലോകസഞ്ചാരം. കഴിഞ്ഞ വര്‍ഷം നവംബറില്‍ ആരംഭിച്ച യാത്ര 16,800 കിലോമീറ്റര്‍ താണ്ടിയാണ് റിയാദിലെത്തിയത്. പ്ലസ് ടു പഠനം കഴിഞ്ഞ ബിലാലും എ.സി മെക്കാനിക്ക് പരിശീലനം പൂര്‍ത്തീകരിച്ച അഫ്സലും റിയാദില്‍നിന്ന് ജിദ്ദ വഴി ജോര്‍ഡനിലേക്ക് പോകും. വീണ്ടും സൗദി അതിര്‍ത്തി വഴി ദമ്മാം പ്രവിശ്യയിലൂടെ ബഹ്‌റൈനിലെത്തും. ഖത്തര്‍ വഴി മറ്റു രാജ്യങ്ങളിലേക്കും പോകും.