ജോർജ് കുട്ടി വീട്ടിൽ നിന്നും പോയത് 2 ദിവസം മുമ്പ്; മൃതദേഹം വനാതിർത്തിയിലെ തോട്ടിൽ, സമീപത്ത് കാട്ടുപന്നിയുടെ ജഢം


മലപ്പുറം: എടക്കര മുപ്പിനിയിൽ വനാതിർത്തിയിലെ തോട്ടിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചുങ്കത്തറ കുന്നത്ത് സ്വദേശി പുളിമൂട്ടിൽ ജോർജ്കുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജോർജ്കുട്ടിയുടെ മൃതദേഹത്തിന് ഒന്നര മീറ്റർ അടുത്തായി കാട്ടുപന്നിയുടെ ജഡവും കണ്ടെത്തിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെയാണ് നിലമ്പൂർ റേഞ്ച് പരിധിയിൽ വള്ളുവശേരി സ്‌റ്റേഷൻ പരിധിയിലെ മുപ്പിനി വനാതിർത്തിയോട് ചേർന്നുള്ള തോട്ടിൽ മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസം മുമ്പ് വീട്ടിൽ നിന്ന് പോയതായിരുന്നു ജോർജ്കുട്ടി. വിവരമറിഞ്ഞ് എടക്കര പോലീസ് ഇൻസ്‌പെക്ടർ എൻബി ഷൈജുവിന്റെ നേതൃത്വത്തിൽ സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. നിലമ്പൂർ വനം റേഞ്ച് ഓഫീസർ അൻവർ, വള്ളുവശേരി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി. ശ്രീജിത്ത്, എടക്കര വൈദ്യുത സെക്ഷൻ ഓഫീസിലെ സബ് എൻജിനീയർമാരായ മെൽബിൻ ആന്റണി, സാജൻ എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. യുവാവിന്റെ മൃതദേഹം തുടർനടപടികൾക്കായി നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നിന്ന് പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും. എന്നാൽ യുവാവ് എങ്ങനെയാണ് മരിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചു വരുകയാണ്. വന്യജീവി അക്രമം ഉണ്ടായതാണോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളും പരിശോധിച്ചു വരുന്നുണ്ട്.

Previous Post Next Post