2364 ദിവസം അധികാരത്തിൽ; തുടർച്ചയായി ഏറ്റവുമധികം കാലം മുഖ്യമന്ത്രിസ്ഥാനമെന്ന റെക്കോഡ് പിണറായിക്ക്

       
തിരുവനന്തപുരം: ഏറ്റവുംകൂടുതൽ ദിവസം തുടർച്ചയായി കേരളത്തിന്റെ മുഖ്യമന്ത്രിപദത്തിലിരുന്ന വ്യക്തിയെന്ന റെക്കോഡ് ഇനി പിണറായി വിജയന് സ്വന്തം. 2364 ദിവസം തുടർച്ചയായി മുഖ്യമന്ത്രിയായിരുന്ന സി.അച്യുതമേനോന്റെ റെക്കോഡാണ് പഴങ്കഥയായത്. 1970 ഒക്ടോബർ നാല് മുതൽ 1977 മാർച്ച് 25 വരെയാണ് അച്യുതമേനോൻ കേരളം ഭരിച്ചത്.

2016 മേയ് 25-നാണ് പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 2022 നവംബർ 14-ന് അദ്ദേഹം മുഖ്യമന്ത്രി കസേരയിൽ തന്റെ 2364ാം ദിനത്തിലെത്തി. അച്യുത മേനോൻ ഒരു സർക്കാരിന്റെ കാലത്താണ് തുടർച്ചയായി മുഖ്യമന്ത്രി കസേരയിൽ ഇത്രയും ദിവസം പിന്നിട്ടത്.

രണ്ട് തവണ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ട് ഭരണത്തുടർച്ചയോടെയാണ് പിണറായി വിജയൻ രണ്ട് സർക്കാരുകളുടെ ഭാഗമായി തുടർച്ചയായി ഇത്രയും ദിവസം തികച്ചത്. രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറുന്നതിന് മുൻപ് 17 ദിവസം കാവൽ മുഖ്യമന്ത്രിയായിരുന്നത് കൂടി ചേർത്താണ് അദ്ദേഹം ഇത്രയും ദിവസം തുടർച്ചയായി കേരളം ഭരിച്ചത്.

2016-ൽ 91 സീറ്റുകളുമായാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതുമുന്നണി അധികാരത്തിൽ എത്തിയതെങ്കിൽ 2021-ൽ എട്ട് സീറ്റുകൾ കൂടി അധികം നേടി 99 സീറ്റുകളുമായാണ് വീണ്ടും അധികാരത്തിലെത്തിയത്. രണ്ട് തവണയും ധർമടത്തുനിന്നാണ് പിണറായി വിജയൻ നിയമസഭയിലേക്ക് മത്സരിച്ചതും. 2016-ൽ 36,905 വോട്ടുകളും 2021-ൽ 50,123 വോട്ടുകളും നേടിയാണ് അദ്ദേഹം വിജയിച്ചത്.


Previous Post Next Post