കീവ്: യുക്രൈനെതിരെയുളള റഷ്യയുടെ കടന്നുകയറ്റം തുടരുന്നതിനിടെ ഭിന്നത ഓർത്തഡോക്സ് സഭയിലേയ്ക്കും. റഷ്യൻ ഓർത്തഡോക്സ് പാരമ്പര്യത്തിൽ നിന്ന് വ്യതിചലിച്ച് ഡിസംബർ 25നു തന്നെ ക്രിസ്മസ് ആഘോഷിക്കാനുള്ള നീക്കവുമായി മുന്നോട്ടു പോകുകയാണ് യുക്രൈനിലെ ഓർത്തഡോക്സ് സമൂഹം. കാലങ്ങളായുള്ള ആവശ്യം പുതിയ തീരുമാനത്തിനു പിന്നിലുണ്ടെങ്കിലും യുക്രൈനെതിരെയുള്ള റഷ്യയുടെ കടുത്ത നിലപാടാണ് എരിതീയിൽ എണ്ണയൊഴിച്ചത്. പുതിയ തീരുമാനം അനുസരിച്ച് യുക്രൈനിലെ ഓരോ ഓർത്തഡോക്സ് ഇടവകയ്ക്കും ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 25ന് ക്രിസ്മസ് ആഘോഷിക്കാൻ അവസരമുണ്ടായിരിക്കും. നിലവിൽ റഷ്യൻ ഓർത്തഡോക്സ് സഭയുടെ പാരമ്പര്യം അനുസരിച്ച് ജനുവരി ഏഴിനാണ് വിശ്വാസികൾ ക്രിസ്മസ് ആഘോഷിക്കുന്നത്. 2014 മുതൽ റഷ്യ - യുക്രൈൻ സംഘർഷം രൂക്ഷമായതിനു പിന്നാലെ യുക്രൈനിലെ ഭൂരിഭാഗം ഓർത്തഡോക്സ് വിശ്വാസികളും റഷ്യൻ സഭാനേതൃത്വത്തിൽ നിന്ന് അകൽച്ചയിലായിരുന്നു. മധ്യേഷ്യൻ മേഖലയിലും റഷ്യയിലുമുള്ള ഓർത്തഡോക്സ് സഭകളും ജനുവരി ഏഴിനാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. ജൂലിയൻ കലണ്ടർ പ്രകാരം ക്രിസ്തുവിൻ്റെ ജനന തീയതി ജനുവരി ഏഴിനാണ് എന്നതാണ് ഇതിനു പിന്നിലെ കാരണം. എന്നാൽ ആഗോള കത്തോലിക്കാ സഭയും പ്രൊട്ടസ്റ്റൻ്റ് സഭകളും ഗ്രീക്ക് ഓർത്തഡോക്സ് സഭയും ക്രിസ്തീയ വിശ്വാസികളല്ലാത്തവരും ക്രിസ്മസ് ആയി കണക്കാക്കുന്നത് ഡിസംബർ 25 തന്നെയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നം സഭയിലെ ഭിന്നത വളർത്താനും ഇടയാക്കിയതോടെ കത്തോലിക്കാ സഭയ്ക്ക് അനുകൂലമായ സമീപനമാണ് യുക്രൈനിലെ ഓർത്തഡോക്സ് വിശ്വാസികളും സ്വീകരിക്കുന്നത്.
ആഗോള ഓർത്തഡോക്സ് വിശ്വാസികളുടെ പരമോന്നത നേതാവായി കണക്കാക്കപ്പെടുന്ന കോൺസ്റ്റാൻ്റിനോപ്പിളിലെ ഗ്രീക്ക് പാത്രിയാർക്കീസായ ബർത്തലോമിയോ ഒന്നാമൻ 2018ൽ യുക്രൈനിലെ ഓർത്തഡോക്സ് സഭയെ സ്വതന്ത്ര സഭയായി അംഗീകരിച്ചിരുന്നു. ഇതോടെ റഷ്യൻ ഓർത്തഡോക്സ് സഭയുമായുള്ള ഭിന്നത കടുത്തു. റഷ്യൻ ഓർത്തഡോക്സ് സഭയ്ക്ക് യുക്രൈനിലെ പള്ളികളുടെ മേലുള്ള നിയന്ത്രണവും ഇതോടെ നഷ്ടമായി. പുടിനുമായി ഏറെ അടുപ്പമുള്ള റഷ്യൻ ഓർത്തഡോക്സ് സഭയുടെ പാത്രിയാർക്കീസ് ഇതോടെ ആഗോള ഓർത്തഡോക്സ് തലവനായ ബർത്തലോമിയോയുമായുള്ള ബന്ധവും വിച്ഛേദിച്ചു. കഴിഞ്ഞ മെയിൽ മറ്റൊരു തിരിച്ചടിയും റഷ്യൻ ഓർത്തഡോക്സ് സഭയ്ക്ക് ഉണ്ടായി. റഷ്യൻ കടന്നുകയറ്റത്തെ വരെ അനുകൂലിച്ചിരുന്ന യുക്രൈനിയൻ ഓർത്തഡോക്സ് സഭ എന്ന മറ്റൊരു സഭയും റഷ്യയുമായുള്ള ബന്ധം വിച്ഛേദിച്ചു. അതേസമയം, ഇരുരാജ്യങ്ങളിൽ നിന്നും സ്വതന്ത്രമായ സമീപനമാണ് ഇവർ സ്വീകരിക്കുന്നത്.
യുക്രൈൻ ജനസംഖ്യയുടെ 67 ശതമാനത്തോളം വരുന്ന ഓർത്തഡോക്സ് വിശ്വാസികൾ മോസ്കോയിലെ സഭാ നേതൃത്വത്തിൽ നിന്ന് അകലുന്നതും ഗ്രീക്ക് ഓർത്തഡോക്സ് സഭയോട് അടുക്കുന്നതും റഷ്യയ്ക്ക് രാഷ്ട്രീയമായ തിരിച്ചടിയാണ്. ഇതിൻ്റെ ബാക്കിയാണ് ജൂലിയൻ കലണ്ടറും ജനുവരി ഏഴിലെ ക്രിസ്മസ് ആഘോഷവും ഉപേക്ഷിക്കാനുള്ള തീരുമാനം.
മാർപാപ്പയുടെ ശ്രമവും പരാജയം
അതേസമയം, വത്തിക്കാന് നിയന്ത്രണമുള്ള കത്തോലിക്കാ സഭയെ പിന്തുടരുന്നത് യുക്രൈനിൽ പത്ത് ശതമാനത്തോളം പേർ മാത്രമാണ്. ബൈസൻ്റൈൻ റീത്ത് പിന്തുടരുന്ന യുക്രൈനിലെ കത്തോലിക്കാ സഭാ നേതൃത്വം കഴിഞ്ഞ ദിവസം ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. റഷ്യയുമായി ഒത്തുതീർപ്പുണ്ടാക്കി യുദ്ധം അവസാനിപ്പിക്കാനുള്ള വത്തിക്കാൻ്റെ ശ്രമങ്ങളിലെ നിർണായക കണ്ണി യുക്രൈനിലെ കത്തോലിക്കാ സഭയാണ്. എന്നാൽ യുക്രൈനെ കോളനിയാക്കാനുള്ള റഷ്യൻ നിലപാട് തുടരുന്നിടത്തോളം കാലം ഒത്തുതീർപ്പിനില്ലെന്ന നിലപാടിലാണ് മേജർ ആർച്ച്ബിഷപ്പ് സ്വിതോസ്ലാവ് ഷെവ്ചുക്. ആക്രമണം തുടർന്നാലും കീവ് വിട്ടു പോകില്ലെന്ന നിലപാടിലാണ് ആർച്ച്ബിഷപ്പ്. കോളനിവത്കരണമാണ് റഷ്യയുടെ നിലപാട് എന്നും ഇത് തിരുത്താത്ത കാലത്തോളം സമാധാന ചർച്ചകൾ നടത്തുന്നതിൽ പലമില്ലെന്നും മാർപാപ്പയുമായി നടത്തിയ ചർച്ചയിൽ അവർ വ്യക്തമാക്കി. കീവ് സന്ദർശിക്കണമെന്ന് തുടർച്ചയായി ആവശ്യപ്പെട്ടിട്ടും മാർപാപ്പ എത്താത്തതിൽ കത്തോലിക്കാ ആർച്ച് ബിഷപ്പിന് നീരസമുണ്ട്. റഷ്യൻ സൈന്യം പിന്മാറിയ ഇർപിനിലെ ഒരു പള്ളിയ്ക്ക് മുന്നിൽ പൊട്ടിയ ഷെല്ലിൻ്റെ കഷണവുമായാണ് ആർച്ച്ബിഷപ്പ് വത്തിക്കാനിൽ ചർച്ചയ്ക്ക് എത്തിയത്. ഈ മേഖലയിൽ 300ഓളം യുക്രൈൻകാർ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് കണക്കുകൾ.