മലയാള സിനിമയ്ക്കും മലയാളികൾക്കും മറക്കാനാകാത്ത അനുഭവം സമ്മാനിച്ച ഹിറ്റ് സിനിമയാണ് സ്ഫടികം. സ്ഫടികവും ആടുതോമയും സൃഷ്ടിച്ച ഓളം ചെറുതല്ല. സംവിധായകന്‍ ഭദ്രന്‍ ചലച്ചിത്ര ലോകത്തിന് സമ്മാനിച്ച ക്ലാസിക് ചിത്രമാണ് സ്ഫടികം. സിനിമ പുറത്തിറങ്ങി 28 വർഷത്തിന് ശേഷം സിനിമ വീണ്ടും പ്രേക്ഷകരിലേക്ക് എത്താൻ ഒരുങ്ങിയിരിക്കുകയാണ്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവുമായി രംഗത്തെത്തിയിരിയക്കുകയാണ് മോഹൻലാൽ. സമൂഹമാധ്യമങ്ങളിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
I📌 ഫേസ് ബുക്ക് പോസ്റ്റ്
എക്കാലവും നിങ്ങൾ ഹൃദയത്തോട് ചേർത്തുവച്ച എൻ്റെ ആടുതോമ നിങ്ങൾ ആഗ്രഹിച്ചത് പോലെ പുതിയ കാലത്തിൻ്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുന്നു. ലോകം എമ്പാടുമുള്ള തിയേറ്റുകളിൽ 2023 ഫെബ്രുവരി മാസം 9 – ന് സ്ഫടികം 4k Atmos എത്തുന്നു. ഓർക്കുക. 28 വർഷങ്ങൾക്കു മുമ്പ് ഇതുപോലൊരു വ്യാഴാഴ്‌ചയാണ് ആടുതോമയെ നിങ്ങൾ അന്നും ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയത്… ‘അപ്പോൾ എങ്ങനാ… ഉറപ്പിക്കാവോ?.’- മോഹൻലാൽ കുറിക്കുന്നു. പുതിയ പോസ്റ്ററും താരം കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
1995-ൽ പുറത്തിറങ്ങിയ സ്ഫടികത്തിന്റെ കഥയും ഭദ്രന്റെത് തന്നെയായിരുന്നു. തിലകൻ, രാജൻ പി. ദേവ്, ഇന്ദ്രൻസ്, ഉർവ്വശി, ചിപ്പി, കെ.പി.എ.സി. ലളിത, സിൽക്ക് സ്മിത എന്നിങ്ങനെ പ്രഗൽഭരായ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. ഈ സിനിമയിലൂടെ വില്ലനായി അരങ്ങേറ്റം കുറിച്ച ജോർജ് സ്ഫടികം ജോർജ് എന്നാണ് പിന്നീട് അറിയപ്പെട്ടത്.
സ്‌ഫടികം വീണ്ടും റിലീസ് ചെയ്യാൻ പതിനായിരക്കണക്കിന് ആളുകളുടെ കത്തുകളും അഭ്യർത്ഥനകളും ഉണ്ടായിരുന്നെന്നും പുതിയ തലമുറക്ക് ബിഗ് സ്‌ക്രീനിൽ കാണാൻ വേണ്ടിയാണ് ചിത്രം റീറിലീസ് ചെയ്യുന്നതെന്നും ഭദ്രൻ പറഞ്ഞിരുന്നു.