ബഹ്‌റൈനു മേല്‍ പ്രശംസ ചൊരിഞ്ഞ് മാര്‍പ്പാപ്പ; മഹാ കുര്‍ബാനയില്‍ പങ്കെടുത്തത് 30,000ത്തോളം പേര്‍


മനാമ: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ബഹ്‌റൈന്‍ സന്ദര്‍ശനത്തിന്‍റെ മൂന്നാം ദിവസമായ ഇന്ന് ബഹ്‌റൈന്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മഹാ കുര്‍ബാനയില്‍ പങ്കെടുത്തത് 30,000ത്തോളം പേര്‍. ബഹ്‌റൈനു പുറമെ, സൗദി, യുഎഇ, കുവൈറ്റ്, ഖത്തര്‍, ഒമാന്‍ ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങളില്‍ നിന്നെത്തിയ വിശ്വാസികളാണ് പ്രധാനമായും കുര്‍ബാനയില്‍ പങ്കെടുത്ത്. മഹാ കുര്‍ബാനയില്‍ പങ്കെടുക്കാനെത്തിയ ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ വത്തിക്കാന്‍റെ മഞ്ഞയും വെള്ളയും നിറത്തിലുള്ള പതാതകള്‍ വീശി വിശ്വാസികള്‍ സ്വീകരിച്ചു. മലയാളം, തമിഴ്, കൊങ്കണി, സ്വാഹിലി, ടഗലോഗ് തുടങ്ങിയ വിവിധ ഭാഷകളില്‍ മുഴങ്ങിയ പ്രാര്‍ഥനാ വരികള്‍ക്കിടയിലായിരുന്നു മാര്‍പ്പാപ്പ ജനങ്ങള്‍ തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിലെത്തിയത്. രാവിലെ 8.30ന് ആരംഭിച്ച കുര്‍ബാനയില്‍ പങ്കെടുക്കാന്‍ പുലര്‍ച്ചെ അഞ്ച് മണി മുതല്‍ തെക്കന്‍ മനാമയിലെ സ്റ്റേഡിയത്തിലേക്ക് വിശ്വാസികള്‍ എത്തിത്തുടങ്ങിയിരുന്നു. വൈവിധ്യങ്ങള്‍ക്കിടയിലെ സഹവര്‍ത്തിത്വത്തിന്‍റെ ജീവിക്കുന്ന ഉദാഹരണമാണ് ബഹ്‌റൈന്‍ സമൂഹമെന്ന് മാര്‍പ്പാപ്പ പറഞ്ഞു. നമ്മുടെ ലോകത്തിന്‍റെ പരിഛേദമാണത്. ജനങ്ങളുടെ നിരന്തരമായ കുടിയേറ്റങ്ങളും വൈവിധ്യങ്ങളായ ആശയങ്ങളും ആചാരങ്ങളും പാരമ്പര്യങ്ങളുമാണ് അതിനെ സൃഷ്ടിച്ചത്- പോപ്പ് ഫ്രാന്‍സിസ് പറഞ്ഞു. ബഹ്‌റൈനി രാജകുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു പോപ്പിന്‍റെ ഈ വാക്കുകള്‍. നിങ്ങളോട് നല്ല രീതിയില്‍ പെരുമാറാത്തവരാണെങ്കില്‍ പോലും സ്വദേശികളോട് കൃപ കാണിക്കണമെന്ന് വിശ്വാസികളോട് മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു. നമ്മോട് തിന്‍മ കാണിക്കുന്നവരോട് നന്‍മ കൊണ്ട് പ്രതികരിക്കുന്നതിലൂടെ പ്രതികാരത്തിന്‍റെ ശൃംഖല തകര്‍ക്കാനും ഹിംസയെ നിരായുധമാക്കാനും ഹൃദയങ്ങളെ സംഘര്‍ഷ രഹിതമാക്കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സന്ദര്‍ശനത്തിന്‍റെ രണ്ടാം ദിവസമായ ഇന്നലെ ബഹ്‌റൈന്‍ ഡയലോഗ് ഫോറത്തിന്‍റെ സമാപനച്ചടങ്ങില്‍ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫക്കൊപ്പം ഫ്രാന്‍സിസ് മാര്‍പാപ്പയും അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാമും സംബന്ധിച്ചു. സഖീര്‍ പാലസിലെ മെമ്മോറിയല്‍ ചത്വരത്തില്‍ നടന്ന ബഹ്‌റൈന്‍ ഡയലോഗ് ഫോറത്തിന്റെ സമാപനച്ചടങ്ങില്‍ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ ഉള്‍പ്പെടെ ഭരണരംഗത്തെ നിരവധി പേരും പങ്കെടുത്തു. മാര്‍പാപ്പയെ വരവേറ്റ് റോയല്‍ ബഹ്‌റൈനി എയര്‍ഫോഴ്‌സിന്‍റെ രണ്ട് ഹെലികോപ്റ്ററുകള്‍ ബഹ്‌റൈന്‍റെയും വത്തിക്കാന്‍റെയും ദേശീയപതാകകുമായി ആകാശത്ത് വട്ടംചുറ്റിപ്പറന്നു. ഹമദ് രാജാവും മാര്‍പാപ്പയും ഗ്രാന്‍ഡ് ഇമാമും ചേര്‍ന്ന് ചത്വരത്തിലെ ഈന്തപ്പനയുടെ ചുവട്ടില്‍ വെള്ളമൊഴിച്ചു വിശ്വ സാഹോദര്യത്തിന്റെയും പുരോഗതിയുടെയും സന്ദേശം പകര്‍ന്നു.

Previous Post Next Post