ഇസ്താംബുളിൽ വൻ സ്ഫോടനം; ആറു പേർ കൊല്ലപ്പെട്ടു, 50 ലധികം പേർക്ക് പരിക്ക്


ഇസ്താംബുൾ: തുർക്കിയിലെ ഇസ്താംബുളിൽ വൻ സ്ഫോടനം. നാല് പേർ കൊല്ലപ്പെട്ടു. 53 പേർക്ക് പരിക്കേറ്റു. ബെയോഗ്ലു ജില്ലയിലെ തിരക്കേറിയ ഇസ്തിക്ൿലൽ തെരുവിൻ്റെ ഹൃദയഭാഗത്താണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനമുണ്ടാകാനുള്ള കാരണം അവ്യക്തമാണ്. ചാവേർ ആക്രമണമാണെന്നു സംശയമുണ്ട്. പ്രാദേശിക സമയം വൈകുന്നേരം 4.20 ഓടെയാണ് സ്ഫോടനം. സംഭവത്തിൻ്റെ ദൃശ്യങ്ങൾ ട്വിറ്ററിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്ഫോടന ശബ്ദത്തിനു പിന്നാലെ ആളുകൾ ചിതറി ഓടുന്നത് ദൃശ്യങ്ങളിൽ കാണാം. സംഭവസ്ഥലത്തേക്ക് പോലീസ് ഉദ്യോഗസ്ഥരടക്കം എത്തുന്നതും തൊട്ടുപിന്നാലെ ആംബുലൻസ് അടക്കം എത്തി രക്ഷാപ്രവർത്തനം നടത്തുന്നതും മറ്റൊരു വീഡിയോയിൽ കാണാം. വിനോദസഞ്ചാരികൾ ഏറെ എത്തുന്ന ഇസ്തിക്ൿലൽ തെരുവ് രാജ്യത്തുതന്നെ പ്രസിദ്ധമാണ്. പ്രാദേശിക സമയം 4.20 ഓടെയാണ് സ്ഫോടനം ഉണ്ടായതെന്ന് ഇസ്താംബുൾ ഗവർണർ അലി യെർലികായ ട്വിറ്ററിലൂടെ അറിയിച്ചു. സ്ഫോടന ശബ്ദത്തെ തുടർന്ന് താൻ സ്‌തംഭിച്ചുപോയെന്നും ജനങ്ങൾ ചിതറി ഓടുകയായിരുന്നുവെന്നും ഇസ്തിക്ൿലലിലെ റസ്റ്ററൻ്റ് ജീവനക്കാരനായ മെഹ്‍മെത് അകുസ് വാർത്താ ഏജൻസിയായ റോയിറ്റേഴ്സിനോട് പ്രതികരിച്ചു. ഇസ്താംബുൾ അടക്കമുള്ള തുർക്കി നഗരങ്ങൾ നേരത്തെ കുർദിഷ് വിഘടനവാദികളടക്കം ലക്ഷ്യവെച്ചിരുന്നു.

Previous Post Next Post