കഴുതയിറച്ചിയും തോലും സ്വകാര്യഭാഗങ്ങളും മരുന്നിന്; ലക്ഷ്യം ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാന്‍


വെബ് ഡെസ്ക് : കഴുത മാംസം ഉപയോഗിച്ച് ഉണ്ടാക്കുന്ന മരുന്നുകളുടെ പ്രധാന വിപണികളാണ് ചൈനയും ദക്ഷിണ കൊറിയയും. മാംസം മാത്രമല്ല കഴുതയുടെ തോലും സ്വകാര്യഭാഗങ്ങളും ഉൾപ്പെടെ മരുന്ന് നിർമ്മാണത്തിന് ഉപയോഗിക്കുന്നുണ്ട്. ലൈംഗിക ശേഷി വർദ്ധിപ്പിക്കുന്നതിനും മറ്റുമുള്ള മരുന്നുകളാണ് ഇത്തരത്തിൽ തയ്യാറാക്കുന്നത്. കഴുത മാംസം കൊണ്ട് മരുന്നുകൾ തയ്യാറാക്കുന്ന പ്രധാന മറ്റൊരു പ്രധാന രാജ്യമാണ് കെനിയ. കെനിയയിലെ നൈവാഷ, മൊഗോട്ടിയോ, ലോഡ്വാർ എന്നിവിടങ്ങളിൽ കഴുതകളെ കൊല്ലുന്നതിനായി പ്രത്യേക അറവുശാലകളുമുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ കഴുത മാംസത്തിൽ നിന്നുള്ള ഉൽപന്നങ്ങളുടെ ഉത്പാദനം കെനിയയിൽ ഇരട്ടിയായി വർധിച്ചതായി നൈവാഷ ആസ്ഥാനമായുള്ള സ്റ്റാർ ബ്രില്യന്റ് അറവുശാലയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ജോൺ എൻഗോൻജോ കരിയുകി പറയുന്നു.  നിലവിൽ നൈവാഷയിലെ അറവുശാലയിൽ പ്രതിദിനം 100ഓളം കഴുതകളെ അറക്കുന്നുണ്ടെന്ന് സിഇഒ കൂട്ടിച്ചേർത്തു. എന്നാൽ ശീതീകരണ യന്ത്ര സംവിധാനം വിപുലീകരിച്ചതോടെ ഇത് ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

“ദക്ഷിണ കൊറിയയും കഴുത മാംസം കൊണ്ടുള്ള ഉത്പന്നങ്ങളുടെ പ്രധാന വിപണിയാണ്. അവിടേയ്ക്ക് വളരെ പോഷകഗുണമുള്ള കഴുതപ്പാൽ കയറ്റുമതി ചെയ്യാനാണ് പദ്ധതികൾ ആസൂത്രണം ചെയ്യുന്നതെന്നും” അദ്ദേഹം പറഞ്ഞു.

കഴുത ഇറച്ചി ഉപഭോഗം കൂടുന്നതിനനുസരിച്ച് കഴുതകളുടെ എണ്ണം കുറഞ്ഞു കൊണ്ടിരിക്കുകയാണ്. എന്നാൽ നിലവിലെ മൂന്ന് അറവുശാലകൾ നിലനിർത്താൻ രാജ്യത്ത് മതിയായ കഴുതകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2009 ലെ സെൻസസ് പ്രകാരം കെനിയയിൽ ഏകദേശം രണ്ട് ദശലക്ഷം കഴുതകളാണുള്ളത്. എന്നാൽ നിലവിൽ എണ്ണം വർദ്ധിച്ചിട്ടുണ്ടെന്ന് പ്രതീക്ഷിക്കുന്നു. കെനിയയിൽ കഴുത വളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പദ്ധതികളും നടപ്പിലാക്കുന്നുണ്ട്.

അനധികൃതമായി കഴുത മാംസം വിറ്റ രണ്ട് പേരെ കഴിഞ്ഞ ദിവസം ആന്ധ്രാപ്രദേശ് പോലീസ് പിടികൂടിയിരുന്നു. മൃഗസ്‌നേഹികളുടെ സംഘടന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഴുതകളെ കശാപ്പ് ചെയ്ത് വിൽക്കുന്നതായി കണ്ടെത്തിയത്.

രാജ്യത്ത് ആന്ധ്രാപ്രദേശിൽ കഴുത ഇറച്ചിക്ക് ആവശ്യക്കാർ കൂടുന്നതായി മുമ്പും ചില റിപ്പോർട്ടുകൾ മുമ്പ് പുറത്തു വന്നിരുന്നു. സംസ്ഥാനത്തിൻറെ വിവിധ ജില്ലകളിൽ കഴുത മാംസത്തിന് ആവശ്യക്കാർ ഏറെയെന്നാണ് റിപ്പോർട്ടുകൾ. വെസ്റ്റ് ഗോദാവരി, കൃഷ്ണ, പ്രകാശം, ഗുണ്ടൂർ മേഖലകളിലാണ് കഴുതകൾ ധാരാളമായി അറുക്കപ്പെടുന്നത്. 'ഭക്ഷിക്കാനുള്ള മൃഗ'ങ്ങളുടെ കൂട്ടത്തിൽ കഴുത ഉൾപ്പെട്ടിട്ടില്ല എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. അതുകൊണ്ട് തന്നെ ഭക്ഷ്യസുരക്ഷയും മാനദണ്ഡങ്ങളും അനുസരിച്ച് ഇത്തരം ജീവികളെ അറുക്കുന്നത് നിയമവിരുദ്ധം കൂടിയാണ്.

കഴുതയുടെ മാംസം കരുത്തും പൗരുഷവും വർധിപ്പിക്കുമെന്നുമാണ് കഴുത ഇറച്ചി പ്രേമികളുടെ അവകാശവാദം. അതുകൊണ്ട് തന്നെ നിയമവിരുദ്ധമായി കച്ചവടം നടത്തുന്നവരിൽ നിന്നും നിന്നും വൻതുക ചെലവഴിച്ചാണ് പലരും മാംസം വാങ്ങുന്നത്. കഴുതപ്പാൽ വർഷങ്ങളായി പ്രചാരത്തിലുണ്ടെങ്കിലും കഴുത മാംസത്തിന് ജനപ്രീതി കൂടിയത് ഈയടുത്ത കാലത്താണെന്ന് ചില ഉദ്യോഗസ്ഥർ പറയുന്നു.

Previous Post Next Post