കെടിയു വിസി നിയമനം: സര്‍ക്കാര്‍ അപ്പീലിന്; എജിയോട് നിയമോപദേശം തേടും

 തിരുവനന്തപുരം : സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലറായി സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. സിസ തോമസിനെ ഗവര്‍ണര്‍ നിയമിച്ചത് ശരിവെച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കാനാണ് നീക്കം. 

അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയ ശേഷമാകും അപ്പീല്‍ നല്‍കുക. നിയമനത്തിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളിയതോടെ, താല്‍ക്കാലിക വിസി സിസ തോമസ് സര്‍വകലാശാലയില്‍ സജീവമായി പ്രവര്‍ത്തിക്കാന്‍ സാധ്യതയേറി. 

യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ച് വിസിയാകാന്‍ സിസ തോമസിന് യോഗ്യത ഉണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയത്. ചെറിയ കാലയളവിലേക്കാണ് സിസ തോമസിന്റെ നിയമനമെന്നും അതു വിവാദമാക്കേണ്ട കാര്യമില്ലെന്നും കോടതി നിരീക്ഷിച്ചു.
Previous Post Next Post