'ഗുരുവായൂരിലെ വിവാഹത്തിന് വരനും സംഘവും കോയമ്പത്തൂരിൽ നിന്ന് എത്തിയത് സൈക്കിൾ ചവിട്ടി'


തൃശ്ശൂർ: കോയമ്പത്തൂരില്‍ നിന്ന് ഗുരുവായൂരിലേക്ക് സൈക്കിളിലെത്തി വരനും കൂട്ടുകാരും. പരിസ്ഥിതി സൗഹൃദ സന്ദേശവുമായാണ് കോയമ്പത്തൂർ സ്വദേശി ശിവസൂര്യയും കൂട്ടുകാരും കല്യാണത്തിന് സൈക്കിളിലെത്തിയത്.  ഇന്നു രാവിലെ ഒമ്പത് മണിക്ക് ഗുരുവായൂരിലെ വിവാഹച്ചടങ്ങുകള്‍ക്കായാണ് വരൻ സൈക്കിളിൽ എത്തിയത്. 

കണ്ണൂര്‍ സ്വദേശിനി അഞ്ജനയായിരുന്നു വധു. വരന്‍  കോയമ്പത്തൂര്‍ സ്വദേശി ശിവസൂര്യ. വിവാഹത്തിന് സൈക്കിളിൽ പോകാമെന്ന് വരൻ തീരുമാനിച്ചു. കൂട്ടുകാർ കട്ടയ്ക്ക് ഒപ്പം നിന്നു. പിന്നെ മടിച്ചില്ല, 'റൈഡ് ടു മാര്യേജ്'- കോയമ്പത്തൂര്‍ ടു ഗുരുവായൂര്‍' എന്നെഴുതിയ ബോര്‍ഡും വച്ച് സംഘം തിരിച്ചു.  ഇന്നലെ രാവിലെ പുറപ്പെട്ടവർ 140 കിലോമീറ്റര്‍ താണ്ടി വൈകിട്ട് അഞ്ചുമണിയോടെ ഗുരുവായൂരിലെത്തി. കാലത്ത് ക്ഷേത്രത്തിലെത്തി തൊഴുത് താലി ചാര്‍ത്തി. 

കോയമ്പത്തൂര്‍ക്കും സൈക്കിളില്‍ മടങ്ങണമെന്നായിരുന്നു ആഗ്രഹം. പക്ഷേ ബന്ധുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി മടക്കം കാറിലാക്കി. വന്ന സൈക്കിള്‍ കൂട്ടുകാര്‍ വണ്ടിയിലെത്തിക്കും. ഗുജറാത്തിലെ സ്വകാര്യ കമ്പനിയിലെ എന്‍ജിനീയറാണ് ശിവസൂര്യ.  അഹമ്മദാബാദില്‍ സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറാണ് വധു. രണ്ടു വര്‍ഷമായി ഇരുവരും  പ്രണയത്തിലായിരുന്നു.

Previous Post Next Post