ഖത്തറില്‍ നിന്ന് ഗിന്നസ് ബുക്കിലേക്ക് കയറാന്‍ കേരളത്തില്‍ നിന്നൊരു കൂറ്റന്‍ ബൂട്ട്


ദോഹ: ലോകത്തിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ബൂട്ടിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടാനുള്ള ഒരുക്കത്തിലാണ് ഖത്തര്‍. ഈ ബൂട്ട് എത്തിയതാവട്ടെ, ഫുട്‌ബോള്‍ ആവേശം അലതല്ലുന്ന കേരളത്തില്‍ നിന്നും. പ്രവാസി സംഘടനയായ ഫോക്കസ് ഇന്റര്‍നാഷണലിന്റെ നേതൃത്വത്തിലാണ് കേരളത്തില്‍ നിന്നുള്ള ബൂട്ട് ഖത്തറില്‍ എത്തിച്ചിരിക്കുന്നത്. നവംബര്‍ 14ന് ഖത്തറിലെ കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ ഭീമന്‍ ബൂട്ട് അനാച്ഛാദനം ചെയ്യും. കത്താറ പബ്ലിക് ഡിപ്ലോമസിയുമായി സഹകരിച്ചാണ് ഫോക്കസ് ഇന്റര്‍നാഷനല്‍ പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഫോക്കസ് ഇന്റര്‍നാഷണല്‍ സിഇഒ ഷമീര്‍ വലിയവീട്ടില്‍ പറഞ്ഞു. ബൂട്ട് ഇതിനകം ദോഹ തുറമുഖത്തെത്തിക്കഴിഞ്ഞു. ഇവിടെ നിന്ന് കത്താറയിലേക്ക് കൊണ്ടുപോയ ശേഷമായിരിക്കും ബൂട്ടിന്റെ മിനുക്കു പണികള്‍ നടക്കുക. 17 അടി നീളവും 7 അടി ഉയരവും 500 കിലോഗ്രാം ഭാരവുണ്ട് ലോകത്തിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ബൂട്ടിന്. ഫൈബര്‍, ലെതര്‍, റെക്‌സിന്‍, ഫോം ഷീറ്റ്, അക്രിലിക് ഷീറ്റ് എന്നിവയില്‍ നിര്‍മിച്ച ബൂട്ട് നിര്‍മിച്ചിരിക്കുന്നത് ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള ഏഴ് മാസമെടുത്താണെന്നും ഷമീര്‍ പറഞ്ഞു. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഉടമയായ കലാകാരനും ക്യൂറേറ്ററുമായ എം ദിലീഫാണ് ബൂട്ട് ഡിസൈന്‍ ചെയ്തത്. ലോകത്തിലെ ഏറ്റവും നീളം കൂടിയ ഖുറാന്‍, ഏറ്റവും വലിയ മാര്‍ക്കര്‍ പേന, സൈക്കിള്‍, സാനിറ്റൈസര്‍, സ്‌ക്രൂഡ്രൈവര്‍ തുടങ്ങിയവയിലൂടെയും ഇദ്ദേഹം നേരത്തേ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. രാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കുമിടയില്‍ സാഹോദര്യം കൊണ്ടുവരുന്ന കായിക വിനോദമായി ഫുട്‌ബോളിനെ ഉയര്‍ത്തിക്കാട്ടുന്നതിനുള്ള ഖത്തറിന്റെ ശ്രമങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് കൂറ്റന്‍ ബൂട്ട് കേരളത്തില്‍ നിന്ന് ഖത്തറില്‍ എത്തിച്ചിരിക്കുന്നതെന്ന് ഷമാര്‍ വലിയവീട്ടില്‍ ഊന്നിപ്പറഞ്ഞു. അതോടൊപ്പം ഇന്ത്യ-ഖത്തര്‍ സാംസ്‌കാരിക വിനിമയത്തില്‍ ഇത് ഒരു പുതിയ അധ്യായം കൂടി ഇത് തുന്നിച്ചേര്‍ക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


1948ലെ ലണ്ടന്‍ ഒളിമ്പിക്സിലെ ഇന്ത്യയുടെ ആദ്യ അന്താരാഷ്ട്ര ഫുട്ബോള്‍ മത്സരത്തില്‍ നിന്നാണ് കൂറ്റന്‍ ബൂട്ടിന്റെ പ്രചോദനം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഫ്രാന്‍സിനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ടീമിലെ ചില താരങ്ങള്‍ ബൂട്ടുകള്‍ അണിയാതെയായിരുന്നു കളിക്കാനിറങ്ങിയത്. ആ ചരിത്രത്തില്‍ നിന്നാണ് ലോകത്തിലെ ഏറ്റവും വലിയ ബൂട്ടുമായി ഞങ്ങള്‍ വന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഖത്തറിന് ഭീമന്‍ ഫുട്‌ബോള്‍ ബൂട്ട് സമ്മാനിച്ച ഇന്ത്യന്‍ സമൂഹത്തിന്റെ ശ്രമങ്ങളെ കത്താറ പബ്ലിക് ഡിപ്ലോമസി സെന്റര്‍ സിഇഒയും ഗ്ലോബല്‍ പബ്ലിക് ഡിപ്ലോമാറ്റിക് നെറ്റ്വര്‍ക്ക് സെക്രട്ടറി ജനറലുമായ എന്‍ജി. ദാര്‍വിഷ് അഹമ്മദ് അല്‍ ഷൈബാനി പ്രശംസിച്ചു. ലോകകപ്പില്‍ ഇന്ത്യയില്ലെങ്കിലും ഫുട്‌ബോള്‍ ഇന്ത്യക്കാരുടെ മികച്ച കളിയല്ലാതിരുന്നിട്ടും ഫിഫ ലോകകപ്പില്‍ അവര്‍ തങ്ങളുടേതായ സംഭാവന അര്‍പ്പിച്ചിരിക്കുകയാണെന്നും അത് ഏറെ സന്തോഷത്തിന് വകനല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ബൂട്ട് നവംബര്‍ 14 ന് വൈകുന്നേരം ഏഴു മണിക്കാണ് അനാച്ഛാദനം ചെയ്യുക. കത്താറയില്‍ ബൂട്ട് എവിടെ പ്രദര്‍ശിപ്പിക്കുമെന്ന കാര്യം ഇതുവരെ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, അനാഛാദനത്തിന് മുന്നോടിയായി ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ കലാകാരന്മാര്‍ അണിനിരക്കുന്ന വര്‍ണാഭമായ സാംസ്‌കാരിക ഘോഷയാത്ര കത്താറയില്‍ അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു.
Previous Post Next Post