കൊട്ടാരക്കര നെല്ലിക്കുന്നം കാക്കത്താനത്ത് രാജവിലാസത്തില്‍ രാജന്റെ വീട്ടിലാണ് അവിശ്വസനീയമായ രീതിയില്‍ കാര്യങ്ങൾ നടക്കുന്നത്. സംഭവത്തിന്റെ നിജസ്ഥിതി എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മൂന്നോ നാലോ ദിവസത്തിനുള്ളില്‍ ചിത്രം വ്യക്തമാകുമെന്ന് കൊട്ടാരക്കര എസ്.എച്ച്.ഒ. പ്രശാന്ത് പറഞ്ഞു.
അമ്മയുടെ വാട്‌സാപ്പ് നമ്പറില്‍ നിന്നാണ് യുവതിയുടെ ഫോണിലേക്ക് സന്ദേശങ്ങള്‍ വന്നത്. ഒരുനമ്പറിലുള്ള വാട്‌സാപ്പ് ഒന്നിലധികം ഫോണുകളില്‍ ഉപയോഗിക്കാം. അതിനപ്പുറം സന്ദേശങ്ങള്‍ക്കനുസരിച്ച് വീട്ടില്‍ പല സംഭവങ്ങളും നടക്കുന്നത് എങ്ങനെയാണെന്ന് മനസിലായിട്ടില്ല. ആ വീട്ടിലുള്ളവര്‍ക്കോ അവിടെ എത്തുന്നവര്‍ക്കോ മാത്രമേ ഈ കാര്യങ്ങളെല്ലാം ചെയ്യാനാകൂ.
രാജന്റെ ഭാര്യയായ വിലാസിനിയുടെയും മകള്‍ സജിതയുടെയും ഫോണുകളില്‍ അജ്ഞാതന്റെ സന്ദേശം വന്ന ശേഷം കിണറ്റിലെ മോട്ടോറുകള്‍ പൊട്ടിത്തെറിക്കുക, ഫ്രിഡ്ജ് തകരാറിലാവുക, ടെലിവിഷന്‍ തകരാറിലാവുക, വൈദ്യുതി വിച്ഛേദിക്കപ്പെടുക, സ്വിച്ച് ബോര്‍ഡുകള്‍ പൊട്ടിത്തെറിക്കുക തുടങ്ങിയ നാശനഷ്ടങ്ങളുണ്ടായെന്നാണ് കുടുംബത്തിന്റെ പരാതി. സംഭവസമയത്ത് ഇടിമിന്നലോ മഴയോ ഒന്നും ഉണ്ടായിരുന്നില്ല. ഓരോന്നും സംഭവിക്കുന്നതിനു തൊട്ടുമുമ്പ് അപകടം നടക്കുമെന്ന് സൂചിപ്പിച്ച് വാട്‌സാപ്പില്‍ സന്ദേശമെത്തും.
ഒരിക്കല്‍ ടി.വി. പൊട്ടിത്തെറിക്കും എന്നതായിരുന്നു വാട്‌സാപ്പിലെത്തിയ സന്ദേശം. പിന്നാലെ ടി.വി.യുടെ പിറകില്‍നിന്ന് പുകയുയര്‍ന്നു. ഇതുപോലെ വീട്ടിലെ സ്വിച്ച് ബോര്‍ഡ് കത്തിനശിച്ചെന്നും ഫാന്‍ പ്രവര്‍ത്തനരഹിതമായെന്നും വീട്ടുകാര്‍ പറയുന്നു. നാട്ടിലെ അറിയപ്പെടുന്ന ഇലക്ട്രീഷ്യനായ രാജന്റെ വീട്ടിലെ വയറിങ്ങിലെ തകരാറാണോ എന്നറിയാന്‍ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയിരുന്നു.
എന്നാല്‍ ഒന്നും കണ്ടെത്തിയില്ല. പോലീസിലും സൈബര്‍ സെല്ലിലും പലതവണ പരാതിപ്പെട്ടെങ്കിലും കുടുംബ വഴക്കാണെന്നു പറഞ്ഞ് ആദ്യമൊന്നും അന്വേഷണം നടത്തിയില്ലെന്നും ഇവര്‍ പറയുന്നു. ഭര്‍ത്താവുമായി പിണങ്ങി കഴിയുകയാണ് സജിത. ഇവരുടെ ഫോണ്‍ വീട്ടുവളപ്പിലേക്കു കടന്നാലുടന്‍ തനിയെ സ്വിച്ച് ഓഫ് ആകുകയും പിന്നീട് ഓണ്‍ ആകുകയും ചെയ്യുമെന്നാണ് ആരോപണം. അതിനിടെ, നാട്ടുകാര്‍ വീട്ടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ ഒരു ഓട്ടോമാറ്റിക് ഇലക്ട്രോണിക് സര്‍ക്യൂട്ട് കണ്ടെത്തിയിരുന്നു.