ചങ്ങനാശ്ശേരിയിൽ കടയുടമയെ ആക്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മൂന്നുപേര്‍ കൂടി പിടിയില്‍


ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയില്‍ കടയുടമയെ ആക്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മൂന്നുപേര്‍ കൂടി പോലീസിന്റെ പിടിയിലായി. ചങ്ങനാശ്ശേരി ഫാത്തിമാപുരം പള്ളിവീട് വീട്ടില്‍ അര്‍ഫാന്‍ അസ്ലഫ് (21), ചങ്ങനാശ്ശേരി വാഴപ്പള്ളി പാറച്ചേരില്‍ വീട്ടില്‍ ജിത്തു (18), ചങ്ങനാശ്ശേരി പെരുന്ന പാലത്തിങ്കല്‍ വീട്ടില്‍ സാവിയോ സെബാസ്റ്റ്യന്‍ (21) എന്നിവരെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. 

ഇവര്‍ കഴിഞ്ഞദിവസം രാത്രി ചങ്ങനാശേരി പാലത്ര ബൈപ്പാസ് റോഡിലുള്ള ടീ ഷോപ്പില്‍ എത്തി കട ഉടമയുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. ഇത് കണ്ട് തടസ്സം പിടിക്കാന്‍ വന്ന കടയുടമയുടെ സുഹൃത്തുക്കളെയും ഇവര്‍ ആക്രമിച്ചു. 
ഇവരോടൊപ്പമുണ്ടായിരുന്ന മറ്റു പ്രതികളായ പുതുപ്പറമ്പില്‍ വീട്ടില്‍ ഷിഹാന്‍, തുണ്ടിയില്‍ വീട്ടില്‍ ബാസിത് അലി, കറുകയില്‍ വീട്ടില്‍ ജോസഫ് സെബാസ്റ്റ്യന്‍എന്നിവരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഒളിവില്‍ പോയ മറ്റുപ്രതികള്‍ക്കുവേണ്ടിയുള്ള തിരച്ചിലില്‍ ചങ്ങനാശ്ശേരി ഫത്തിമാപുരത്തുനിന്നുമാണ് ഇവരെ പിടികൂടിയത്. 
പ്രതികളിലൊരാളായ സാവിയോ സെബാസ്റ്റ്യന് ചങ്ങനാശേരി സ്റ്റേഷനില്‍ അടിപിടി കേസുകള്‍ നിലവിലുണ്ട്. ചങ്ങനാശ്ശേരി സ്റ്റേഷന്‍ എസ്എച്ച്ഒ റിച്ചാര്‍ഡ് വര്‍ഗീസ്, എസ്‌ഐ ജയകൃഷ്ണന്‍, ആനന്ദക്കുട്ടന്‍, എഎസ്‌ഐ ഷിനോജ്, സിപിഒമാരായ, തോമസ് സ്റ്റാന്‍ലി, അതുല്‍ കെ മുരളി എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


Previous Post Next Post