നാലു ദിവസത്തെ സന്ദര്‍ശനത്തിനായി മാര്‍പ്പാപ്പ ഇന്ന് ബഹ്റൈനിലെത്തി, ചരിത്ര മുഹൂര്‍ത്തത്തിനായി രാജ്യം ഒരുങ്ങി.


ന്യൂസ് ബ്യുറോ കിങ്ഡം ഓഫ് ബഹ്‌റൈൻ 

മനാമ: മാര്‍പാപ്പ പോപ്പ് ഫ്രാന്‍സിസ് നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ബഹ്റൈനിലെത്തി. ഇതാദ്യമായാണ് ഒരു മാര്‍പ്പാപ്പ ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്നത്. ചരിത്ര സന്ദര്‍ശനം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പുകള്‍ രാജ്യത്ത് പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. ഇന്ന് ബഹ്‌റൈനിലെത്തുന്ന പോപ്പ് ഫ്രാന്‍സിസ് രാജ്യത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാജ്യത്തിന് അകത്തും പുറത്തുമുള്ള വിശ്വാസികള്‍ ഉള്‍പ്പെടെ പരിപാടികളില്‍ പങ്കെടുക്കും. അന്നുതന്നെ മുസ്ലിം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്‌സിനെ മാര്‍പ്പാപ്പ അഭിമുഖീകരിക്കും. അല്‍ അസ്ഹര്‍ സര്‍വകാലാശാല ഗ്രാന്റ് മുഫ്ത്തി ശെയ്ഖ് അഹ്മദ് മുഹമ്മദ് അല്‍ തയ്യിബ് ഉള്‍പ്പെടെയുള്ള ഇസ്ലാം മത നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. സന്ദര്‍ശനത്തിനിടയില്‍ ഗള്‍ഫിലെ ഏറ്റവും പഴക്കമുള്ള മനാമയിലെ സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച്, മേഖലയിലെ ഏറ്റവും വലിയ പള്ളിയായ ലേഡി ഓഫ് അറേബ്യ കത്തീഡ്രല്‍ എന്നീ രണ്ട് പള്ളികളിലെ വൈദികരോടും ബിഷപ്പുമാരോടും ഇടവക പ്രവര്‍ത്തകരോടും അദ്ദേഹം സംസാരിക്കും. കുര്‍ബാനയില്‍ പങ്കെടുക്കാന്‍ ബഹ് റൈനിന് അകത്തുനിന്നും പുറത്തുനിന്നുമായി 20,000ത്തിലധികം പേര്‍ രജിസ്റ്റര്‍ ചെയ്തതായി സംഘാടകര്‍ അറിയിച്ചു. ബഹ്‌റൈനില്‍ നിന്ന് 17,000ത്തിലധികം പേര്‍ പരിപാടിക്കായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സൗദി അറേബ്യയില്‍ 2,900 പേരും കുവൈറ്റില്‍ നിന്ന് 470 പേരും ഖത്തറില്‍ നിന്ന് 144 പേരും യുഎഇ, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്ന് 191 പേരും മറ്റ് രാജ്യങ്ങളില്‍ നിന്ന് 433 പേരുമാണ് പരിപാടിയില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൂന്ന് വര്‍ഷത്തിനിടയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഗള്‍ഫ് സന്ദര്‍ശിക്കുന്നത് ഇത് രണ്ടാം തവണയാണ്. 2019 ഫെബ്രുവരിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മൂന്ന് ദിവസത്തെ യുഎഇ സന്ദര്‍ശനം നടത്തിയിരുന്നു. റോമന്‍ കത്തോലിക്കാ സഭയുടെ ഒരു നേതാവ് ആദ്യമായി അറേബ്യന്‍ ഉപദ്വീപില്‍ നടത്തിയ സന്ദര്‍ശനമായിരുന്നു അത്. മാര്‍പാപ്പ ബഹ്റൈനിലെത്തുന്നത് ഇതാദ്യമായാണ്. 80,000 കത്തോലിക്കര്‍ ബഹ്റൈനിലുണ്ടെന്നാണ് കണക്കുകള്‍. ബഹ്‌റൈനിലേക്ക് യാത്ര തിരിക്കുന്നതിന് മുന്നോടിയായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടന്ന പ്രാര്‍ഥനയില്‍ ബഹ്‌റൈന്‍ സന്ദര്‍ശനത്തെ കുറിച്ച് സംസാരിച്ചു. ഓരോ സന്ദര്‍ശനവും സാഹോദര്യവും സമാധാനവും ശക്തിപ്പെടുത്താന്‍ ലഭിക്കുന്ന ഫലപ്രദവും മഹത്തരവുമായ അവസരങ്ങളാണെന്ന് തടിച്ചുകൂടിയ വിശ്വാസികളോടായി അദ്ദേഹം പറഞ്ഞു. മനുഷ്യന്റെ സമാധാനപൂര്‍ണമായ സഹവര്‍ത്തിത്തത്തിന് കിഴക്കും പടിഞ്ഞാറും ചേര്‍ന്നു നിന്ന് പ്രവര്‍ത്തിക്കുകയെന്നത് കാലത്തിന്റെ അനിവാര്യതയാണെന്ന് അദ്ദേഹം പറഞ്ഞു. ബഹ്‌റൈന്‍ സന്ദര്‍ശനത്തിനിടയില്‍ മുതിര്‍ന്ന് ഇസ്ലാം മത നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുമായി ആശയ വിനിമയത്തിന് അവസരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ യാത്ര വിജയകരമാവാന്‍ പ്രാര്‍ഥിക്കണമെന്നും വിശ്വാസികളോട് അദ്ദേഹം പറഞ്ഞു. ' നിങ്ങള്‍ പ്രാര്‍ഥനകളുമായി യാത്രയില്‍ എന്നോടൊപ്പം ഉണ്ടാവണം. ദൈവത്തിന്റെ നാമത്തിലുള്ള ഓരോ യാത്രയും മനുഷ്യ സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശത്തിന് ശക്തിപകരാനുള്ള അവസരമാണ്'- അദ്ദേഹം പറഞ്ഞു.


Previous Post Next Post