കാട്ടാന വീടിന് മുകളിലേക്ക് തെങ്ങ് ചവിട്ടി മറിച്ചിട്ടതിനെ തുടര്‍ന്ന് വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കല്‍പ്പറ്റ: തൃശിലേരി മുത്തുമാരിയില്‍ കാട്ടാന വീടിന് മുകളിലേക്ക് തെങ്ങ് ചവിട്ടി മറിച്ചിട്ടതിനെ തുടര്‍ന്ന് വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

 ശനിയാഴ്ച പുലര്‍ച്ചെ രണ്ടര മണിയോടെയായിരുന്നു സംഭവം. മുത്തുമാരി പറത്തോട്ടിയില്‍ മോന്‍സിയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ വാടകക്ക് താമസിക്കുന്ന ചെല്ലിമറ്റം ഷിനോജിന്റെ ഭാര്യ സോഫിക്കും കുഞ്ഞിനുമാണ് ദുരനുഭവമുണ്ടായത്. വീടിനുള്ളില്‍ ഉറങ്ങിക്കിടക്കവെ അപ്രതീക്ഷിതമായുണ്ടായ സംഭവത്തിന്റെ ഞെട്ടലിലാണ് വീട്ടമ്മ.

വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് തേങ്ങയും മറ്റും ദേഹത്ത് പതിച്ച് പരിക്കേറ്റ സോഫിയും കുഞ്ഞും മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. 

 സംഭവത്തെ കുറിച്ച് സോഫി ഓര്‍ത്തെടുക്കുന്നത്ഇ ങ്ങനെയാണ്. 'വലിയശബ്ദത്തോടെ ശരീരത്തില്‍ എന്തൊക്കെയോ വീണു. 

ഇരുട്ടില്‍ ഞെട്ടിയുണര്‍ന്ന് അലറിവിളിച്ചപ്പോള്‍ തൊട്ടടുത്ത മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന മക്കള്‍ ലൈറ്റ് ഇട്ടിരുന്നു. വെളിച്ചത്തിലാണ് വീടിന്റെ മേല്‍ക്കൂരയുടെ ഓടും പലകകളും തേങ്ങകളും ദേഹത്തും കിടക്കയിലും വീണുകിടക്കുന്നത് കണ്ടത്. ആദ്യം എന്താണ് സംഭവിച്ചതെന്ന് പിടികിട്ടിയില്ല.

 അപ്പോഴേക്കും ഭര്‍ത്താവ് ഷിനോജും നാട്ടുകാരും ഓടിയെത്തി ആന തെങ്ങ് മറിച്ചിട്ടതാണെന്ന് പുറത്തു ആരോ വിളിച്ചു പറയുന്നുണ്ടായിരുന്നു. തെങ്ങ് വീടിന് വീണതും തലയിലാണ് ഓട് പൊട്ടിവീണത്. തലമുറിഞ്ഞ് ചോരയൊഴുകി. ഭാഗ്യം കൊണ്ടാണ് ജീവന്‍ തിരിച്ചുകിട്ടിയത് -സോഫി പറഞ്ഞു.

തീറ്റ തേടിയാണ് കാട്ടാന മുത്തുമാരിയിലെ ഷിനോജിന്റെ വീടിനടുത്തെത്തിയത്. പതിവുപോലെ തെങ്ങ് മറിച്ചിട്ട് തിന്നുകയായിരുന്നു ലക്ഷ്യം.

 മുത്തുമാരിയില്‍ മിക്കസമയത്തും കടുത്ത വന്യമൃഗശല്യമുള്ള പ്രദേശമാണ്. രാപകല്‍ ഭേദമന്യേ വീട്ടുമുറ്റത്തെത്തുന്ന കാട്ടാനക്കൂട്ടത്തെ ഭയന്നാണ് തിരുനെല്ലിയില്‍ കര്‍ഷകര്‍ ദിവസം തള്ളിനീക്കുന്നത്. വേനല്‍ തുടങ്ങിയതോടെ ചക്കയും മാങ്ങയും തേടിയാണ് ആനകള്‍ കാടിറങ്ങുന്നത്. നേരം ഇരുട്ടിയാല്‍ തോട്ടങ്ങളിലേക്കെത്തുന്ന ആനക്കൂട്ടം അവിടെ തങ്ങി രാവിലെ വനത്തിലേക്ക് തിരിച്ചുപോകുകയാണെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു. വനത്തിനോട് ചേര്‍ന്ന പ്രദേശങ്ങളിലേക്ക് ആനകളെത്താതിരിക്കുന്നുതിനുള്ള ട്രഞ്ച് (വാരിക്കുഴി) ഇടിഞ്ഞ് തൂര്‍ന്നതും വൈദ്യുത വേലികള്‍ ഇല്ലാത്തതുമാണ് പ്രതിസന്ധിയായിരിക്കുന്നത്.
Previous Post Next Post