കുറവിലങ്ങാട്: വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ തലശ്ശേരി തിരുവങ്ങാടി ഭാഗത്ത് പൗര്‍ണമി വീട്ടില്‍ അംനാസ് (35) ആണ് കുറവിലങ്ങാട് പോലീസിന്റെ പിടിയിലായത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് ഇസ്രായേലില്‍ ജോലി നല്കാമെന്ന് പറഞ്ഞ് കബളിപ്പിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ പെട്ട പതിനെട്ടോളം ആളുകളില്‍ നിന്നും 64 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.
2019 ലായിരുന്നു കേസിനാസ്പദമായ സംഭവം. പരാതിയെ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഈ കേസിലെ മറ്റു പ്രതികളായ വിദ്യ ഇമ്മാനുവല്‍, മുഹമ്മദ് ഒനാസിസ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അംനാസ് വിദേശത്ത് ആയിരുന്നതിനാല്‍ ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതുടര്‍ന്നാണ് ഇയാളെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും കഴിഞ്ഞ ദിവസം വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പിടികൂടുന്നത്. ഇയാള്‍ അന്യസംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. പ്രതിക്ക് കട്ടപ്പന, ആലുവ, ചവറ തുടങ്ങിയ സ്റ്റേഷനുകളില്‍ സമാനമായ കേസുകള്‍ നിലവിലുണ്ട്. കുറവിലങ്ങാട് സ്റ്റേഷന്‍ എസ്എച്ച്ഒ നിര്‍മ്മല്‍ ബോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.