‘സഖാവെ, വയറ് അൽപം കുറയ്ക്കണം കേട്ടോ’കമന്‍റിന് ശിവൻകുട്ടിയുടെ കലക്കൻ മറുപടി; ബോഡിഷെയിമിംഗ് നടത്തിയ ആൾ ക്ഷമ പറഞ്ഞു, പക്ഷേ ന്യായീകരണവും




തിരുവനന്തപുരം:
ഫേസ്ബുക്ക് പോസ്റ്റിലെ ചിത്രത്തിന് മോശമായി കമന്‍റിട്ടയാൾക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്ത്. 

 ശിവൻകുട്ടി പുതുതായിട്ട പ്രൊഫൈൽ പിക്ചറിന് താഴെ ‘സഖാവെ, വയറ് അൽപം കുറയ്ക്കണം കേട്ടോ’ എന്ന കമന്‍റാണ് സനോജ് തെക്കേക്കര എന്നയാൾ നൽകിയത്.

കമന്‍റ് കണ്ടതിന് തൊട്ടുപിന്നാലെ തന്നെ മന്ത്രിയുടെ മറുപടിയുമെത്തി. ബോഡി ഷെയ്മിംഗ് ചൂണ്ടികാട്ടിയായിരുന്നു മന്ത്രിയുടെ മറുപടി. ‘ബോഡി ഷെയിമിങ് ഏറ്റവും ഹീനമായ ഒന്നായാണ് ഇക്കാലത്ത് കാണുന്നത്. എല്ലാവരുടേതും ആണ് ഈ ലോകം. ശരീരത്തിന്റെയോ മറ്റെന്തിന്റെയെങ്കിലുമോ പേരിലോ ആരെയും കളിയാക്കരുത്’ എന്നായിരുന്നു ശിവൻകുട്ടി കമന്‍റിന് മറുപടി നൽകിയത്.

ഇതോടെ ക്ഷമാപണവുമായി കമന്‍റിട്ടയാൾ രംഗത്തെത്തി.

ക്ഷമാപണം നടത്തിയെങ്കിലും സനോജ് താൻ പറഞ്ഞതിനെക്കുറിച്ച് ന്യായീകരണവും നടത്തിയിട്ടുണ്ട്. ‘വയറു കുറക്കണം എന്നത് ബോഡി ഷെയിമിംഗായി തോന്നിയെങ്കിൽ ക്ഷമിക്കുക, ഡയബറ്റിക്കായവർ ആരോഗ്യം തീർച്ചയായും ശ്രദ്ധിക്കണം, വ്യായാമം മുടക്കരുത്, ശരീരഭാരം നിയന്ത്രിച്ചേ മതിയാകൂ, താങ്കൾ ആരോഗ്യ കാര്യത്തിൽ ഈയിടെയായി പഴയ ശ്രദ്ധ കാണിക്കാത്തതിനാലാണ് ഇങ്ങനെ കമന്റ് ചെയ്യേണ്ടി വന്നത്, താങ്കളുടെ മണ്ഡലത്തിലെ ഒരാളെന്ന നിലയിൽ അതെന്‍റെ കടമ കൂടിയാണ്’ ഇങ്ങനെയായിരുന്നു സനോജ് പിന്നീട് കുറിച്ചത്.
Previous Post Next Post