കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ബസില്‍ കയറുന്നതിനെച്ചൊല്ലി വിദ്യാര്‍ഥികളും ബസ് ജീവനക്കാരും തമ്മിലുണ്ടാകുന്ന തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാന്‍ അതിശക്തമായ ഇടപെടലുമായി പോലീസ്. ഇതു സംബന്ധിച്ച ചര്‍ച്ച ചെയ്യുന്നതിനായി കണ്ണൂര്‍ പോലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ ടി.കെ രത്‌നകുമാര്‍ യോഗം വിളിച്ചു ചേര്‍ത്തു. എസിപിയുടെ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ തൊഴിലാളി- വിദ്യാര്‍ഥി നേതാക്കളും ബസുടമസ്ഥ സംഘം പ്രതിനിധികളും പങ്കെടുത്തു. ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനെ ഒരുതരത്തിലും അനുവദിക്കില്ലെന്നും മിന്നല്‍ പണിമുടക്ക് നടത്തിയാല്‍ തൊഴിലാളികളെയും ബസും കസ്റ്റഡിയില്‍ എടുക്കുമെന്നും അസിസ്റ്റന്റ് കമ്മിഷണര്‍ യോഗത്തില്‍ അറിയിച്ചു. വിദ്യാര്‍ഥികളും നിയമം കൈയിലെടുക്കരുത്, പരാതികള്‍ ഉണ്ടായാല്‍ പോലീസിനെയോ മോട്ടോര്‍ വാഹന വകുപ്പ് അധികൃതരെയോ ഉടന്‍ വിവരമറിയിക്കുക. ബസ് ജീവനക്കാരോ വിദ്യാര്‍ഥികളോ അക്രമത്തിന് മുതിര്‍ന്നാല്‍ പോലീസിന്റെ ഭാഗത്തുനിന്ന് കര്‍ശന നടപടിയുണ്ടാകും. ഇരുവിഭാഗവും പരസ്പരം സഹകരണ മനോഭാവത്തോടെ പ്രവര്‍ത്തിക്കണം- യോഗം നിര്‍ദേശിച്ചു.തര്‍ക്കങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എല്ലാ ബസ്സ്റ്റാന്‍ഡുകളിലും പോലീസിനെ നിയോഗിക്കും. കൂടുതല്‍ വിദ്യാര്‍ഥികളുള്ള സ്റ്റോപ്പുകളില്‍ രാവിലെയും വൈകീട്ടും പോലീസ് സാന്നിധ്യം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ചുള്ള ലഹരി ഉപയോഗം ചെറുക്കാന്‍ പോലീസ് പരിശോധന നടത്തും. മദ്യപിച്ചും മയക്കുമരുന്നുകള്‍ ഉപയോഗിച്ചും ബസോടിക്കുന്നത് പിടിക്കപ്പെട്ടാല്‍ കസ്റ്റഡിയിലെടുത്ത് തുടര്‍ നടപടിയുണ്ടാകുമെന്നും ഇവരുടെ ലൈസന്‍സ് റദ്ദാക്കുമെന്നും എസിപി മുന്നറിയിപ്പു നല്‍കി. കണ്ണൂര്‍-പയ്യന്നൂര്‍ റൂട്ടില്‍ കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികളുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് സ്വകാര്യബസ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തിയിരുന്നു. കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ത്ഥികളെ കയറ്റുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടർന്നാണ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തിയത്. വിദ്യാര്‍ത്ഥികളെ കയറ്റാത്ത ബസുകള്‍ തടഞ്ഞതില്‍ പ്രതിഷേധിച്ചാണ് സ്വകാര്യബസുകള്‍ തടഞ്ഞത്. നേരത്തെ മയ്യില്‍, ഇരിട്ടി റൂട്ടുകളിലും സ്വകാര്യബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തിയിരുന്നു. വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരും തമ്മിലുള്ള തര്‍ക്കംപതിവായി മാറുമ്പോള്‍ സാധാരണക്കാരായ യാത്രക്കാരാണ് പെരുവഴിയിലാകുന്നത്. ഇതേ തുടര്‍ന്നാണ് പോലീസിന്റെ ശക്തമായ ഇടപെടലുണ്ടായിരിക്കുന്നത്.