കൊടുങ്ങല്ലൂർ മഷി നോക്കാനെന്ന പേരിൽ എത്തിയ രണ്ട് പേരാണ് മോഷണം നടത്തിയത്. പറവൂരിൽ മഷിനോട്ടസ്ഥാപനം നടത്തിവരുന്ന ജോത്സ്യൻ കൊടുങ്ങല്ലൂർ സ്വദേശി വിജയന്റെ (62) ഏഴര പവൻ സ്വർണമാണ് നഷ്ടമായത്.
മൂന്ന് വർഷമായി വാടകയ്ക്ക് സ്ഥാപനം നടത്തിവരികയാണ് വിജയൻ തൈക്കൂട്ടത്തിൽ. ഇന്നലെ വിജയന്റെ സ്ഥാപനത്തിലെത്തിയ രണ്ട് പേരിൽ ഒരാൾ മുഖം നോക്കി ഭാവി പ്രവചിക്കണമെന്ന് ആവശ്യപ്പെ ടുകയായിരുന്നു. വിജയൻ ഇയാളോട് വീട്ടിൽ പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞപ്പോൾ ഭാര്യയും കുഞ്ഞുമായി മടങ്ങിയെത്താം എന്നറിയിച്ചു. ഇയാൾ ഫോൺ നമ്പർ ആവശ്യപ്പെട്ടു. തന്റെ വിസിറ്റിങ് കാർഡ് എടുക്കാൻ വിജയൻ തിരിഞ്ഞപ്പോൾ കൂടെയുണ്ടായിരുന്ന ആൾ കഴുത്തിൽ തോർത്ത് ചുറ്റിമുറുക്കുകയായിരുന്നു. ഇതോടെ ബോധം പോയി.
ഉണർന്നപ്പോഴാണ് ആഭരണങ്ങൾ നഷ്ടമായെന്നറിഞ്ഞതെന്ന് വിജയൻ പറഞ്ഞു. മൂന്നര പവൻ തൂക്കം വരുന്ന മണിമാല, രണ്ട് പവന്റെ ചെയിൻ, രണ്ട് പവൻ വീതമുള്ള രണ്ട് മോതിരങ്ങൾ എന്നിവയും മൊബൈൽ ഫോണും ബൈക്കിന്റെ താക്കോലുമാണ് മോഷ്ടിച്ചത്. ഇന്നലെ
ഉച്ചക്ക് പന്ത്രണ്ടരയോടെ പറവൂർ പെരുവാരം ജംഗ്ഷന് സമീപമാണ് സംഭവം നടന്നത്. പറവൂർ പൊലിസ് സ്ഥലത്തെത്തി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി, അതേ സമയം ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു