കുമരകം: കോണത്താറ്റ് പാലം ഇന്നു മുതൽ പൊളിച്ചു തുടങ്ങി എഴുപതോളം വർഷം പഴക്കമുള്ള പാലം പൊളിച്ചു മാറ്റി, പുതിയ പാലം നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കും ഇന്ന് തുടക്കമായേക്കും.
പാലം പൊളിക്കുന്നതിനാൽ, ഗതാഗത തടസ്സവും ട്രാഫിക്ക് കുരുക്കും രൂപപ്പെട്ടേക്കാം. കോട്ടയത്തു നിന്നും എറണാകുളം, ആലപ്പുഴ, ചേർത്തല, വൈക്കം തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് പോകുന്ന ചെറിയ വാഹനങ്ങൾ കഴിവതും കുമരകം വഴിയുള്ള യാത്ര ഒഴിവാക്കി, നീണ്ടൂർ, കല്ലറ, ബണ്ട് റോഡ് വഴി പോകുന്നതാണ് നല്ലത്.
ബസ്, ലോറി, കണ്ടൈനർ തുടങ്ങിയ വലിയ വാഹനങ്ങൾക്ക് പാലം പണി കഴിയുന്നതു വരെ കുമരകം വഴി പോകാനാവില്ല. താത്കാലിക പാലത്തിലൂടെ ചെറിയ വാഹനങ്ങൾ മാത്രമേ കടത്തിവിടുകയുള്ളൂ. താത്കാലിക പാലത്തിലൂടെ സിഗ്നൽ അനുസരിച്ച് ഒറ്റവരി ഗതാഗതത്തിനേ സാധ്യത ഉള്ളൂ എന്നതിനാൽ ട്രാഫിക്ക് കുരുക്ക് രൂക്ഷമായേക്കും.
കോട്ടയത്തു നിന്നുള്ള ബസുകൾ ആറ്റാമംഗലം പള്ളിക്ക് സമീപം വരെയും കോട്ടയത്തേയ്ക്ക് വരുന്ന ബസുകൾ ചന്തക്കവല വരെയും മാത്രമേ സർവീസ് നടത്തുകയുള്ളൂ. വിദ്യാർത്ഥികളും പ്രായമേറിയവരും രോഗികളും ഉൾപ്പടെയുള്ള ബസ് യാത്രക്കാർ ചന്തക്കവല മുതൽ ആറ്റാമംഗലം പളളി വരെയും തിരിച്ചും നടക്കേണ്ടി വരുന്നത് ദുരിതമാകും. എത്ര ബസുകൾ വീതം ഇരുവശങ്ങളിലും സർവീസ് നടത്തണമെന്നും ഷെഡ്യൂൾ സമയങ്ങളിലെ മാറ്റങ്ങളെ സംബന്ധിച്ചും ബസ് ഉടമകൾ ധാരണയായിട്ടുണ്ട്.