താലൂക്ക് ആശുപത്രികളിലെസ്‌പെഷാലിറ്റി ചികിത്സകൂടുതൽ ആളുകൾക്ക്സൗജന്യചികിത്സ ലഭ്യമാക്കും:മന്ത്രി വീണാ ജോർജ്


കോട്ടയം: താലൂക്ക് ആശുപത്രികളിൽ സ്‌പെഷാലിറ്റി ചികിത്സകൾ ആരംഭിക്കുന്നതിലൂടെ കൂടുതൽ ആളുകൾക്ക് സൗജന്യചികിത്സ ലഭ്യമാക്കാനാകുമെന്നും ഇത് ആർദ്രം പദ്ധതിയുടെ പ്രധാന നേട്ടമാണെന്നും ആരോഗ്യ, വനിത-ശിശു വികസന വകുപ്പുമന്ത്രി വീണാ ജോർജ്. പാമ്പാടി താലൂക്ക് ആശുപത്രിയിൽ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടുകോടി രൂപ ചെലവഴിച്ച് നിർമിച്ച പുതിയ ഒ.പി ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ശബരിമല തീർത്ഥാടകർക്കായി ആറുഭാഷകളിൽ ഇറക്കിയ സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച ക്യൂ.ആർ. കോഡിന്റെയും നവംബർ 14ന് ജില്ലയിലെ ജനപ്രതിനിധികൾക്കും ആരോഗ്യ പ്രവർത്തകർക്കുമായി നടത്തുന്ന കായികമേള 'ആരവ'ത്തിന്റെ
ലോഗോയുടെയും പ്രകാശനം ആരോഗ്യമന്ത്രി നിർവഹിച്ചു.
  പുതുതായി നിർമിക്കുന്ന ഡെന്റൽ യൂണിറ്റിന്റെ ശിലാസ്ഥാപനം സഹകരണ - സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം ചടങ്ങിൽ അധ്യക്ഷയായിരുന്നു.
തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മെഡിക്കൽ ഓഫീസർ എൻ. പ്രിയ റിപ്പോർട്ട് അവതരിപ്പിച്ചു. നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരെ കേരള അർബൻ ആൻഡ് റൂറൽ ഡവലപ്പ്‌മെന്റ് ഫിനാൻസ് കോർപറേഷൻ ചെയർമാൻ അഡ്വ. റെജി സഖറിയയും കരാറുകാരനെ ജില്ലാ പഞ്ചായത്തംഗം രാധാ വി.നായരും ആദരിച്ചു.
 സംസ്ഥാന സഹകരണ യൂണിയൻ ഡയറക്ടർ കെ.എം. രാധാകൃഷ്ണൻ, പാമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയി, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോമോൾ മാത്യു, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സി.എം. മാത്യു,   ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ പ്രേമ ബിജു, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ബെറ്റി റോയി, എൻ.എച്ച്.എം പ്രോഗ്രാം മാനേജർ ഡോ. അജയ് മോഹൻ, പാമ്പാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് കെ.എ. മനോജ്, ബി.ഡി.ഒ. ജോർജ്ജ് തോമസ്, ബ്ലോക്ക് - ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
 ഒമ്പത് കോടി രൂപയുടെ വികസന പദ്ധതികളാണ് പാമ്പാടി താലൂക്ക് ആശുപത്രിയിൽ നടപ്പാക്കുന്നത്. 1.59 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന ഡയാലിസിസ് യൂണിറ്റിനും എം.എൽ.എ ഫണ്ടുപയോഗിച്ച് ഒരു കോടി രൂപ ചെലവിൽ പണികഴിപ്പിക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിനും ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
ഒരു കോടി രൂപ ചെലവിൽ നിർമിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും വാർഡിന്റെ പണി പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. 2.30 കോടി രൂപ ചെലവിൽ ട്രോമാ കെയർ, ഒരു കോടി രൂപ ചെലവിൽ ഫാർമസി സ്‌റ്റോർ, 60.15 ലക്ഷം രൂപ ചെലവിൽ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് എന്നീ പദ്ധതികൾ പുതുതായി അനുവദിച്ചിട്ടുണ്ട്. ഗൈനക്കോളജി വിഭാഗത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങൾക്കായി 10 ലക്ഷം രൂപ പാമ്പാടി ഗ്രാമപഞ്ചായത്ത് അനുവദിച്ചിട്ടുണ്ട്.
Previous Post Next Post