വളവുകളില്‍ ആരും അറിയാത്ത രീതിയിൽ പതുങ്ങി നിന്നുള്ള വാഹന പരിശോധന;പൊലീസിനും ഗതാഗത വകുപ്പിനും വിമര്‍ശനം. ചില സ്ഥലങ്ങളിൽ ഹോം ഗാർഡും പോലീസ് ! !


കോട്ടയം : പൊലീസിന്‍റെ വാഹന പരിശോധന സുരക്ഷിതമായി നടത്തുന്നത് സംബന്ധിച്ച് പോലീസ്, ഗതാഗത വകുപ്പ് അധികൃതർ വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഇക്കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആഭ്യന്തര, ഗതാഗത വകുപ്പ് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകി. 
      രണ്ടു മാസത്തിനുള്ളിൽ ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ ആഭ്യന്തര, ഗതാഗത സെക്രട്ടറിമാർ കമ്മീഷനിൽ സമർപ്പിക്കണം. 2021 നവംബർ 5 ന് കോഴിക്കോട് ചെലവൂർ ഗോപിക ഹോട്ടലിനു സമീപം ട്രാഫിക് പോലീസ് വളവിൽ മറഞ്ഞു നിന്ന് വാഹനങ്ങൾ കൈ കാണിച്ചതിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. സംഭവത്തില്‍ ജില്ലാ പോലീസ് മേധാവിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തിലാണ് വാഹന പരിശോധന നടത്തിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
       ആത്യന്തികമായി വാഹനാപകടങ്ങൾ ഒഴിവാക്കുന്നതിന് പോലീസും ഗതാഗതവകുപ്പും നടത്തുന്ന വാഹന പരിശോധനകൾ അപകടങ്ങൾക്ക് കാരണമാകുന്ന അവസ്ഥ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. വളവിൽ മറഞ്ഞു നിന്ന് വാഹനപരിശോധന നടത്തുന്ന ശൈലി പലതവണ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത കാര്യം മറക്കുന്നില്ലെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
      നൌഷാദ് തെക്കയിൽ സമർപ്പിച്ച പരാതിയിലാണ് നടപടി. മോട്ടോര്‍ വാഹന നിയമ പ്രകാരം സബ് ഇന്‍സ്പെക്ടര്‍ റാങ്കും അതിന് മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്കുമാണ് വാഹനങ്ങള്‍ പരിശോധിക്കാന്‍ നിയമപരമായി അധികാരമുള്ളത്. തിരക്കേറിയ ജംഗ്ഷനുകള്‍, കൊടുംവളവുകൾ, കയറ്റിറക്കങ്ങള്‍, പാലത്തിന്‍റെ മുകളില്‍, ഇടുങ്ങിയ റോഡ് എന്നിവിടങ്ങളിൽ വാഹന പരിശോധന നടത്തരുതെന്നാണ് ചട്ടം. പതിവ് പരിശോധന വീഡിയോ കവറേജ് നടത്തണമെന്നും നിയമം അനുശാസിക്കുന്നു. പരിശോധന നടത്തുന്ന ഉദ്യോഗസ്ഥന്‍ വാഹനത്തിന്‍റെ അടുത്തേക്ക് എത്തിയാണ് പരിശോധന നടത്തേണ്ടത്. ഒരേസമയം ഒന്നില്‍ കൂടുതല്‍ വാഹനം തടയരുതെന്നും വാഹനത്തിലുള്ള യാത്രക്കാരോട് മാന്യമായി പെരുമാറണമെന്നും നിയമം അനുശാസിക്കുമ്പോഴാണ് വളവില്‍ ഒളിഞ്ഞ് നിന്നുള്ള പരിശോധന, ട്രാഫിക് പൊലീസ്  ശീലമാക്കുന്നത്. അതേ സമയം ചില സ്ഥലങ്ങളിൽ ഹോം ഗാർഡ് ആണ് വാഹന പരിശോധന സമയത്ത് വാഹങ്ങൾ കൈകാട്ടി നിർത്തുന്നത് എന്ന് ആക്ഷേപവും ഉണ്ട് 
Previous Post Next Post