അമ്പലപ്പുഴ: സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ജപ്തി ഭീഷണിയെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. പുറക്കാട് പഞ്ചായത്ത് പതിനെട്ടാം വാർഡ് തെക്കേയറ്റത്ത് വീട്ടിൽ വസുമതി(70)യാണ് മരിച്ചത്.2016 ൽ മഹീന്ദ്ര ഫിനാൻസിന്റെ ആലപ്പുഴ ശാഖയിൽ നിന്ന് 2.5 ലക്ഷം രൂപ വീട് നിർമ്മാണത്തിനായി ഇവർ വായ്പയെടുത്തിരുന്നു. പിന്നീട് പലപ്പോഴായി 1.3 ലക്ഷം രൂപ തിരകെ അടച്ചു. മുതലും പലിശയും ചേർത്ത് ഇനിയും 5 ലക്ഷം രൂപ കൂടി ഉടൻ അടക്കണമെന്ന് കാട്ടി മഹീന്ദ്ര ജീവനക്കാർ ആഴ്ചക്കൾക്ക് മുമ്പ് വീട്ടിലെത്തിയിരുന്നു. തുടർന്ന് വസുമതി മാനസികമായി ഏറെ വിഷമത്തിലായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് വീണ്ടും ഇവരുടെ വീട്ടിലെത്തിയ ബാങ്ക് ജീവനക്കാർ ഉടൻ പണം അടച്ചില്ലങ്കിൽ വസുമതിയുടെ പേരിലുള്ള രണ്ടേകാൽ സെന്റ് സ്ഥലവും, മകന്റെയും മരുമകളുടെയും പേരിലുള്ള 3 സെൻ്റും ഉൾപ്പടെ അഞ്ചേകാൽ സെന്റ് സ്ഥലവും വീടും ജപ്തി ചെയ്യുമെന്ന് ഭീഷണി മുഴക്കി.പിന്നീട് പലപ്പോഴായി ആറ് തവണ ബാങ്ക് ജീവനക്കാർ വീട്ടിലെത്തിയതായി ഇവർ പറഞ്ഞു. ജീവനക്കാർ മടങ്ങിയതിനു പിന്നാലെ ദേഹത്ത് മണ്ണണ്ണയൊഴിച്ച് തീ കൊളുത്തിയ വസുമതിയെ ദേഹമാസകലം പൊള്ളലേറ്റ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ആശുപത്രി വിട്ട് വീട്ടിലെത്തിയ ഇവർ വെള്ളിയാഴ്ചയാണ് മരിച്ചത്. സംഭവത്തിൽ മുഖ്യമന്ത്രി ഉൾപ്പടെയുളവർക്ക് പരാതി നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു.
ജപ്തി ഭീഷണിയെ തുടർന്ന് ആത്മഹത്യാ ശ്രമം ,,വീട്ടമ്മ മരിച്ചു
Jowan Madhumala
0