തരൂര്‍ ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിവുള്ള നേതാവ്; സതീശന്‍ എന്തിന് ഭയപ്പെടണം?; കെ മുരളീധരൻ

 തിരുവനന്തപുരം : എല്ലാ വിഭാഗം ജനങ്ങളെയും പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിവുള്ള നേതാവാണ് ശശി തരൂരെന്ന് കെ മുരളീധരന്‍ എംപി.

 തരൂരിന്റെ കരിസ്മ പാര്‍ട്ടിയെ വളര്‍ത്തുന്നതിന് ഉപയോഗിക്കുന്നതില്‍ എന്തിനാണ് അലോസരമെന്ന് മനസ്സിലാകുന്നില്ല. ചിലര്‍ക്ക് പാര്‍ട്ടിയില്‍ അരക്ഷിതത്വം ഉണ്ടെന്ന തോന്നലിന്റെ അടിസ്ഥാനത്തില്‍, ഒരു നേതാവിനെ മാറ്റിനിര്‍ത്തുന്നതിനോട് യോജിക്കുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു. 

കോണ്‍ഗ്രസില്‍ ജനാധിപത്യമുണ്ടെന്ന് തെളിയിക്കാന്‍ ധൈര്യം കാണിച്ച ആളാണ് തരൂര്‍. അദ്ദേഹത്തെ മാറ്റിനിര്‍ത്തുന്നത് തെറ്റാണെന്നും ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗില്‍ മുരളീധരന്‍ പറഞ്ഞു. 

ഇനിയൊരു വിഭാഗീയതയെ അതിജീവിക്കാനുള്ള കരുത്ത് കോണ്‍ഗ്രസിനില്ലെന്ന് പ്രതിപക്ഷ നേതാവ് സതീശന്‍ പറഞ്ഞതിനോട് യോജിക്കുന്നു. പക്ഷേ, 'ബലൂണ്‍' പ്രസ്താവനയ്ക്ക് പിന്നില്‍ ഗൂഢലക്ഷ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് പരസ്യമായി മറുപടി പറഞ്ഞത്. 

തരൂരിനെ പിന്തുണച്ചതോടെ താന്‍ നിലപാടില്‍ നിന്നും മലക്കം മറിഞ്ഞെന്ന ആക്ഷേപം ശരിയല്ല. കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തരൂരിനെ എതിര്‍ത്തത്, പാര്‍ട്ടി അധ്യക്ഷസ്ഥാനം വഹിക്കുന്നയാള്‍ മതിയായ സംഘടനാപരിചയമുള്ള നേതാവായിരിക്കണമെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. എല്ലാ വിഭാഗം ആളുകളെയും പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുന്നതില്‍ മിടുക്കനാണ് എന്നതിനാലാണ് ഇപ്പോള്‍ തരൂരിനെ പിന്തുണയ്ക്കുന്നത്.

വിവാദങ്ങളുമായി ബന്ധപ്പെട്ടുള്ള പരസ്യ പ്രസ്താവനയെ മുരളീധരന്‍ ന്യായീകരിച്ചു. പ്രശ്‌നങ്ങള്‍ പാര്‍ട്ടി വേദികളില്‍ ഉന്നയിക്കണമെന്നാണ് നേതാക്കള്‍ പറയുന്നത്. 

എന്നാല്‍ രാഷ്ട്രീയകാര്യ സമിതി യോഗം ചേര്‍ന്നിട്ട് അഞ്ച് മാസമായി. അതുപോലെ, കെപിസിസി എക്‌സിക്യൂട്ടീവ് കമ്മിറ്റി കൂടിയിട്ട് അഞ്ചോ എട്ടോ മാസമായി. അപ്പോള്‍, നമ്മുടെ ആശങ്കകള്‍ എവിടെ ഉന്നയിക്കും? അതിനാലാണ്, പരസ്യ പ്രസ്താവനകളുമായി വരാന്‍ നിര്‍ബന്ധിതനായതെന്നും മുരളീധരന്‍ പറഞ്ഞു.
Previous Post Next Post