പാറശാല സിഐയുടെ ഓഡിയോ പ്രതിഭാഗത്തെ സഹായിക്കുന്നതോ? വിവാദം; ഗ്രീഷ്മയെ രക്ഷിക്കാൻ തിരക്കഥ ഒരുക്കിയത് അമ്മയും അമ്മാവനും


തിരുവനന്തപുരം: ഷാരോൺ രാജ് കേസിൽ പാറശാല എസ്എച്ച്ഒയുടെ പേരിൽ പ്രചരിക്കുന്ന ഓഡിയോ വിവാദത്തിൽ. പ്രതിഭാഗത്തെ സഹായിക്കുന്ന ഓഡിയോ സന്ദേശമാണിതെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. കേസ് ആദ്യം അന്വേഷിച്ച ലോക്കൽ പോലീസിന് വീഴ്ച സംഭവിച്ചെന്ന കുടുംബത്തിന്‍റെ ആരോപണം തള്ളുന്നതായിരുന്നു സിഐയുടെ ഓഡിയോ. കേസിന്‍റെ നാൾവഴികൾ എടുത്തുപറഞ്ഞുള്ള ഈ ഓഡിയോ തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം കൊലപാതക കേസിൽ ഗ്രീഷ്മയെ രക്ഷിക്കാൻ അമ്മാവനും അമ്മയും ചേർന്ന് പദ്ധതി തയ്യാറാക്കിയിരുന്നെന്ന റിപ്പോർട്ടുകളും ചർച്ചയാകുന്നുണ്ട്. ഷാരോണിന്‍റെ രക്തസാംപിളിൽ കീടനാശിനിയുടെ അംശം കണ്ടെത്താനായില്ലെന്നതുൾപ്പെടെ പ്രചരിക്കുന്ന ഓഡിയോയിലുള്ള വാദങ്ങൾ പ്രതിഭാഗം ആയുധമാക്കിയേക്കുമെന്ന ആക്ഷേപമാണ് ഉയരുന്നത്. ലോക്കൽ പോലീസിനെതിരെ ഷാരോണിന്‍റെ കുടുംബം ഗുരുതരമായ ആരോപണങ്ങൾ ഉയർത്തിയതിന് പിന്നാലെയായിരുന്നു കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. പിന്നീടാണ് ഷാരോണിനെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞതും പ്രതി പിടിയിലായതും. ഷാരോണിനു വിഷം നൽകി 7 ദിവസം കഴിഞ്ഞാണ് പോലീസ് വിവരമറിഞ്ഞത്. ബന്ധുക്കൾ തങ്ങളെ സമീപിക്കുകയോ, ഷാരോൺ തന്‍റെ മൊഴിയിൽ ദുരൂഹത പ്രകടിപ്പിക്കുകയോ ചെയ്തില്ലെന്നും ഉദ്യോഗസ്ഥൻ പറയുന്നതായി പുറത്തുവന്ന ഓഡിയോയിലുണ്ട്. ഇതിന് പുറമെ കീടനാശിനിയുടെ അംശം കണ്ടെത്താനായില്ലെന്ന് മെഡിക്കൽ റിപ്പോർട്ട് ഉണ്ടെന്ന വാദവും പ്രതിഭാഗം കോടതിയിൽ ആയുധമാക്കുമോയെന്ന സംശയമാണ് ഉയരുന്നത്. ഷാരോൺ കൊല്ലപ്പെട്ടതിന് പിന്നാലെ കേസിൽ ചോദ്യം ചെയ്യുമെന്ന് ഉറപ്പായപ്പോൾ ഗ്രീഷ്മ പിടിക്കപ്പെടാതിരിക്കാൻ അമ്മ സിന്ധുവും അമ്മാവൻ നിർമൽ കുമാറും ചേർന്ന് മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ കഷായത്തെ ചുറ്റിപ്പറ്റി ക്രൈംബ്രാഞ്ച് ചോദ്യശരങ്ങൾ ഉന്നയിച്ചതോടെ ഗ്രീഷ്മയ്ക്ക് പിടിച്ച് നിൽക്കാൻ കഴിയാതെ വരികയായിരുന്നു. മൊഴികൾ മാറ്റി മാറ്റി പറയേണ്ടി വന്ന യുവതിയ്ക്ക് ഒടുവിൽ കുറ്റം സമ്മതിക്കേണ്ടിയും വന്നു. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷാരോൺ മരിച്ചതിന് പിന്നാലെ കഷായത്തെക്കുറിച്ചുള്ള സംശയം വാർത്തയായപ്പോൾ ഗ്രീഷ്മയുടെ അമ്മാവൻ വീട്ടിലെ കീടനാശിനി പരിശോധിച്ചിരുന്നു. ഒരു കുപ്പിയിലെ അളവിൽ കുറവ് കണ്ടെത്തിയതോടെ നിർമലിന് സംശയം ബലപ്പെട്ടു. ഇതോടെ ഗ്രീഷ്മയുടെ അമ്മയെ വിവരം അറിയിച്ചു. അമ്മാവനും അമ്മയും ചേർന്ന് ഗ്രീഷ്മയോട് കീടനാശിനിയെക്കുറിച്ച് ചോദിച്ചതോടെ യുവതി ഇവർക്ക് മുന്നിൽ കുറ്റസമ്മതം നടത്തുകയായിരുന്നു. തുടർന്നാണ് ഇവർ തെളിവ് നശിപ്പിക്കാൻ പദ്ധതി ഒരുക്കിയത്.


Previous Post Next Post