കൊല്‍ക്കത്ത: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ പരാമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മന്ത്രിയുമായ അഖില്‍ ഗിരി നടത്തിയ പ്രസംഗം വിവാദത്തില്‍. രാഷ്ട്രപതിയെ കാണാന്‍ എങ്ങനെയുണ്ട് എന്ന ചോദ്യമാണ് വിവാദമായത്. പ്രസംഗത്തിനെതിരെ ബിജെപി രംഗത്തുവന്നു.
ബിജെപി നേതാവ് സുവേന്ദു അധികാരിക്കെതിരെയായിരുന്നു പ്രസംഗമെങ്കിലും ഇടയ്ക്ക് മന്ത്രി രാഷ്ട്രപതിയെ പരാമര്‍ശിക്കുകയായിരുന്നു. തങ്ങള്‍ ആളുകളെ കാണാന്‍ എങ്ങനെയുണ്ടെന്നു നോക്കിയല്ല വിലയിരുത്തുന്നത് എന്നായിരുന്നു അഖില്‍ ഗിരി പറഞ്ഞത്.
''എന്നെ കാണാന്‍ ഭംഗിയില്ലെന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹം എത്ര സുന്ദരനാണ്! കാണാന്‍ എങ്ങനെയുണ്ടെന്നു നോക്കിയല്ല ഞങ്ങള്‍ ആളുകളെ വിലയിരുത്തുന്നത്. രാഷ്ട്രപതി പദവിയെ ഞങ്ങള്‍ ബഹുമാനിക്കുന്നു. എങ്ങനെയുണ്ട നമ്മുടെ രാഷ്ട്രപതി കാണാന്‍? '' അഖില്‍ ഗിരി ചോദിച്ചു.
ഗിരിയുടെ പ്രസംഗത്തിന്റെ വിഡിയോ പ്രചരിച്ചതിനു പിന്നാലെ വിമര്‍ശനവുമായി ബിജെപി നേതാക്കള്‍ രംഗത്തുവന്നു.