ഫുട്ബോൾ ലോകകപ്പിന് പുതിയ വെല്ലുവിളി: ഒട്ടക പനി പകർച്ചയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ടുകൾ;

ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പ് മല്‍സരങ്ങള്‍ കാണാന്‍ ലക്ഷക്കണക്കിന് ആളുകളാണ് ദോഹയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. അര്‍ജന്റീനയും സൗദി അറേബ്യയും തമ്മിലുള്ള മല്‍സരം കാണാന്‍ ലുസെയ്ല്‍ സ്‌റ്റേഡിയത്തില്‍ 88000 പേരാണ് എത്തിയത്. കൊവിഡിന്റെ ഭീതിയില്‍ നിന്ന് ലോകം അകന്നിട്ട് മാസങ്ങളേ ആയിട്ടുള്ളൂ.രോഗ വ്യാപനത്തിനുള്ള എല്ലാ സാധ്യതകളും അടച്ചാണ് ഖത്തറില്‍ മല്‍സരങ്ങള്‍ നടക്കുന്നത്. എന്നാല്‍, ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ ഉദ്ധരിച്ച്‌ പുതിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. കാമല്‍ ഫ്‌ളു വ്യാപിക്കാന്‍ ഇടയുണ്ടെന്നാണ് വാര്‍ത്തകള്‍.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 12 ലക്ഷത്തോളം പേര്‍ ഖത്തറില്‍ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ കാണാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബര്‍ 20ന് ആരംഭിച്ച മല്‍സരങ്ങള്‍ കാണാന്‍ ഇതിനകം തന്നെ ലക്ഷക്കണക്കിന് ആളുകള്‍ എത്തിക്കഴിഞ്ഞു. ഇനിയും ഒട്ടേറെ പേര്‍ എത്താന്‍ സധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് ആരോഗ്യ രംഗത്തുള്ളവരുടെ മുന്നറിയിപ്പ്.
കൊറിയയിലും രോഗം വ്യാപിച്ചിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഈ രോഗം ബാധിച്ച 30 ശതമാനം പേര്‍ മരിച്ചുവെന്ന് ബ്രിട്ടനിലെ ശാസ്ത്ര വെബ്‌സൈറ്റായ ഐഎഫ്‌എല്‍ സയന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. നേരിയ പനിയാണ് ലക്ഷണം. ശ്വാസ തടസം നേരിടുക, ചുമ എന്നിവയും ലക്ഷണങ്ങളാണ്.
ഡിസംബര്‍ 18 വരെയാണ് ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ നടക്കുക. മല്‍സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന ഖത്തറിനെതിരെ പാശ്ചാത്യ മാധ്യമങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നു. പുതിയ കാമല്‍ ഫ്‌ളു റിപ്പോര്‍ട്ട് വന്നിരിക്കുന്നതും യൂറോപ്യന്‍ മാധ്യമങ്ങളിലാണ്. അതുകൊണ്ടുതന്നെ ഖത്തറിനെതിരായ ചില ശക്തികളുടെ നീക്കമാണിതെന്ന് സംശയിക്കുന്ന നിരീക്ഷകരുമുണ്ട്.
Previous Post Next Post