തൃശ്ശൂര്‍: സഹോദരിയെ ശല്യംചെയ്തത് ചോദ്യംചെയ്ത പകയില്‍ പെണ്‍കുട്ടിയുടെ വീടിനുനേരെ പടക്കമെറിഞ്ഞ് സഹോദരനെ ക്രൂരമായി മര്‍ദിച്ചു. സംഭവത്തില്‍ മൂന്നുപേരെ മണ്ണുത്തി പോലീസ് അറസ്റ്റ് ചെയ്തു. വെള്ളാനിക്കര സ്വദേശികളായ പത്താനിവീട്ടില്‍ ഷംസാദ് (22), കല്ലറമോളിന്‍ ആദര്‍ശ് (24), പടത്തിപ്പറമ്പില്‍ അജിത്ത് (30) എന്നിവരാണ് പിടിയിലായത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് പ്രതിയായ ഷംസാദ് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. ഇത് പെണ്‍കുട്ടിയുടെ സഹോദരന്‍ ചോദ്യംചെയ്തതിലുള്ള പകയാണ് ആക്രമണത്തിന് കാരണം. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതികള്‍ ആദ്യം പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം സഹോദരനെ വീട്ടില്‍നിന്ന് ഇറക്കി മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് കുടുംബം മണ്ണുത്തി പോലീസില്‍ പരാതി നല്‍കി. മണ്ണുത്തി എസ്.എച്ച്.ഒ. എസ്. ഷുക്കൂര്‍, എസ്.ഐ.മാരായ കെ. പ്രദീപ്കുമാര്‍, എസ്. ജയന്‍, സി.പി.ഒ.മാരായ പദ്മകുമാര്‍, സാംസണ്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.