രാജി വച്ചില്ലെങ്കില്‍ മേയറെ പുറത്താക്കാന്‍ സിപി എം തയ്യാറാകണം. പാര്‍ട്ടിക്കാര്‍ക്കും നേതാക്കള്‍ക്കും വേണ്ടി മാത്രമുള്ള സെല്‍ ഭരണമാണ് പിണറായി സര്‍ക്കാരിന്റെ തുടര്‍ ഭരണത്തില്‍ നടക്കുന്നത്.
എസ്.എ.ടി ആശുപത്രിയിലെ ഒന്‍പത് നിയമനങ്ങള്‍ക്കായി പട്ടിക ആവശ്യപ്പെട്ട് നഗരസഭയിലെ സി.പി.എം പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്‍ അനില്‍ ജില്ലാ സെക്രട്ടറിക്ക് എഴുതിയ കത്തും പുറത്ത് വന്നിട്ടുണ്ട്.
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പുറമെ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലും സി.പി.എം ജില്ലാ സെക്രട്ടറിമാര്‍ നല്‍കുന്ന പട്ടികയില്‍ നിന്നാണ് നിയമനം നടത്തുന്നത്.
സി.പി.എം സംസ്ഥാന കമ്മിറ്റിയും ജില്ലാ കമ്മിറ്റികളും പിന്‍വാതിലിലൂടെ നിയമിച്ചവര്‍ തുടരുന്നതു കൊണ്ടാണ് പി.എസ്.സിക്ക് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പ് തലവന്‍മാരും മടിക്കുന്നത്. പി.എസ്.സി റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ വേക്കന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നതിന് വേണ്ടി മന്ത്രിമാരുടെ വീടുകള്‍ കയറിയിറങ്ങുകയാണ്.
പിന്‍വാതിലിലൂടെ കയറിയവരെ പത്ത് വര്‍ഷം കഴിയുമ്പോള്‍ സ്ഥിരപ്പെടുത്തുന്ന രീതിയാണ് സര്‍ക്കാരും സി.പി.എമ്മും ചെയ്തു കൊണ്ടിരിക്കുന്നത്.
തൊഴില്‍ ഇല്ലാത്ത ചെറുപ്പക്കാര്‍ തെക്ക് വടക്ക് നടക്കുന്ന ഒരു സംസ്ഥാനത്ത് തുടര്‍ ഭരണം ലഭിച്ച ഒരു സര്‍ക്കാര്‍ ചെയ്യുന്ന വൃത്തികേടുകളാണ് മേയറുടെ കത്തിലൂടെ പുറത്ത് വന്നിരിക്കുന്നത്.
കേരളത്തില്‍ ഈ അസംബന്ധ നാടകങ്ങള്‍ നടത്തിയിട്ടാണ് മേയര്‍ ഉള്‍പ്പെടെയുള്ള ഡി.വൈ.എഫ്.ഐ നേതാക്കള്‍ 'ഞങ്ങളുടെ തൊഴില്‍ എവിടെ?' എന്ന മുദ്രാവാക്യവുമായി ഡല്‍ഹിയില്‍ പോയി സമരം ചെയ്തത്.
തൊഴിലിന് വേണ്ടി സമരം നടത്തിയവരാണ് ബന്ധുക്കളെയും പാര്‍ട്ടിക്കാരെയും നിയമിക്കുന്നത്. നഗരസഭകളിലെ നിയമനം ലോക്കല്‍ കമ്മിറ്റികള്‍ക്ക് വീതംവച്ച് കൊടുത്തിരിക്കുകയാണ്.
ഇല്ലാത്ത ബസ് കാശുമുണ്ടാക്കി ജോലിക്ക് വേണ്ടിയുള്ള അഭിമഖത്തിനെത്തുന്ന പാവങ്ങളെ ഇവര്‍ വഞ്ചിക്കുകയാണ്. നേരായ മാര്‍ഗത്തിലൂടെയുള്ള നിയമനം ഒരു മേഖലയിലും നടക്കുന്നില്ല. പിന്‍വാതില്‍ നിയമനം നടത്തുന്നതിനായി സി.പി.എം ഓഫീസുകള്‍ കേന്ദ്രീകരിച്ച് മാഫിയാ സംഘങ്ങള്‍ പ്രവര്‍ത്തിക്കുകയാണ്. പുറത്ത് വരാത്ത നൂറു കണക്കിന് നിയമനങ്ങള്‍ വിവിധ ജില്ലകളില്‍ നന്നിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.