പാലക്കാട്ടിൽ രാത്രി ഒമ്പതുമണി വരെ ഭര്‍ത്താവിന് കൂട്ടുകാര്‍ക്കൊപ്പം ചെലവഴിക്കാം, കോള്‍ ചെയില്ല; മുദ്രപത്രത്തില്‍ ഒപ്പിട്ട് നവവധു


പാലക്കാട്: ഭര്‍ത്താവ് സുഹൃത്തുക്കളുമൊത്ത് ചെലവഴിക്കുന്ന സമയം ഫോണ്‍ വിളിച്ച് ശല്യം ചെയ്യില്ലെന്ന് നവവധു മുദ്രപത്രത്തില്‍ ഒപ്പിട്ടു നല്‍കിയത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ശനിയാഴ്ച വിവാഹിതയായ പാലക്കാട് കൊല്ലംങ്കോട് കാക്കയൂര്‍ വടക്കേപ്പുര വീട്ടില്‍ എസ് അര്‍ച്ചനയാണ് ഭര്‍ത്താവ് കൊടുവായൂര്‍ മലയക്കോട് സ്വദേശി എസ് രഘുവിന്റെ സുഹൃത്തുക്കള്‍ക്ക് മുദ്രപത്രത്തിലൂടെ ഉറപ്പുനല്‍കിയത്. ശനിയാഴ്ചയാണ് കൊടുവായൂര്‍ മലയക്കോട് വി എസ് ഭവനില്‍ എസ് രഘുവിന്റെയും കാക്കയൂര്‍ വടക്കേപ്പുര വീട്ടില്‍ എസ് അര്‍ച്ചനയുടെയും വിവാഹം നടന്നത്. സുഹൃത്തുക്കള്‍ നല്‍കിയ മുദ്രപത്രത്തിലാണ് നവവധു ഒപ്പിട്ടത്. സുഹൃത്തുക്കള്‍ വിവാഹസമ്മാനമായി 50 രൂപയുടെ മുദ്രപത്രത്തില്‍ കരാറെഴുതി ഒപ്പിട്ടു നല്‍കുകയായിരുന്നു. 'കല്യാണം കഴിഞ്ഞാലും എന്റെ ഭര്‍ത്താവ് ആയ രഘു എസ് കെഡിആറിനെ രാത്രി 9 മണി വരെ സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാന്‍ അനുവദിക്കുമെന്നും അതിനിടയില്‍ കോള്‍ ചെയ്ത് ബുദ്ധിമുട്ടിക്കില്ലെന്നും ഇതിനാല്‍ ഉറപ്പ് നല്‍കുന്നു. ഇത് സത്യം സത്യം സത്യം', കരാര്‍ ഉടമ്പടിയില്‍ കുറിച്ചതിങ്ങനെ.  ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. കൂട്ടുകാര്‍ക്കൊപ്പം ചെലവഴിക്കുമ്പോള്‍ ഫോണ്‍ ചെയ്ത് ശല്യപ്പെടുത്തിയില്ലെന്നും കരാറിലുണ്ട്. വൈറല്‍ മുദ്രപത്രം സംബന്ധിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രതികൂലിച്ചും അനുകൂലിച്ചും നിരവധി പേരാണ് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത്. രഘു കഞ്ചിക്കോട്ടെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. വധു ബാങ്ക് ജോലി ലഭിക്കുന്നതിന് വേണ്ടിയുള്ള പഠനത്തിലാണ്.

Previous Post Next Post