മുന്നാറിൽ ഫ്രൈഡ് റൈസ് കിട്ടാൻ വൈകി; ഹോട്ടൽ ഉടമയെയും കുടുംബത്തെയും വെട്ടി


 മൂന്നാർ: ഫ്രൈഡ് റൈസ് ഓർഡർ ചെയ്തത് ലഭിക്കാൻ വൈകിയതിനെ തുടർന്ന് ഹോട്ടൽ ഉടമയെയും ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പടുത്താൻ ശ്രമിച്ച കേസിൽ നാല് പേർ പിടിയിൽ. സംഘത്തിലെ ഒരാൾ ഒളിവിലാണ്. ഇക്കാനഗറിൽ പ്രവർത്തിക്കുന്ന സാഗർ ഹോട്ടലിലാണ് സംഘം അതിക്രമം കാണിച്ചത്. മൂന്നാർ ന്യൂ കോളനി സ്വദേശികളായ എസ്.ജോൺ പീറ്റർ (25), ജെ.തോമസ് (31), ആർ.ചിന്നപ്പ രാജ് (34), രാജീവ് ഗാന്ധി കോളനിയിൽ ആർ.മണികണ്ഠൻ (33) എന്നിവരാണ് പിടിയിലായത്. സാഗർ ഹോട്ടൽ ഉടമ പ്രശാന്ത്, ഭാര്യ വിനില, മകൻ സാഗർ എന്നിവർക്കാണ് വെട്ടേറ്റത്. ഹോട്ടലിൽ കഴിഞ്ഞ ദിവസം രാത്രിയെത്തിയ മണികണ്ഠൻ ഫ്രൈഡ് റൈസ് ആവശ്യപ്പെട്ടു. എന്നാൽ അത് കിട്ടാൻ വൈകി. അതെ സമയം ഹോട്ടലിലുണ്ടായിരുന്ന മുപ്പതോളം വിനോദസഞ്ചാരികൾക്ക് ആദ്യം ഭക്ഷണം നൽകിയത് മണികണ്ഠനെ ചൊടിപ്പിച്ചു. തുടർന്ന് മണികണ്ഠൻ കൗണ്ടറിലുണ്ടായിരുന്ന സാഗറുമായി തർക്കത്തിൽ ഏർപ്പെട്ടു. ഇതിനിടെ മണികണ്ഠൻ മറ്റ് സുഹൃത്തുക്കളെയും ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പ്രശാന്തിനെയും കുടുംബത്തെയും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. കത്തികൊണ്ടാണ് അഞ്ച് പേരടങ്ങുന്ന സംഘം പ്രശാന്തിനെയും കുടുംബത്തെയും ആക്രമിച്ചത്. മൂവരും ആശുപത്രിയിൽ ചികിത്സയിലാണ്. സാഗർ ഹോട്ടൽ സംഘം അടിച്ചു തകർത്തു.

Previous Post Next Post