തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് ഇരുചക്രവാഹനങ്ങള്‍ മോഷണം നടത്തി വന്നിരുന്ന സംഘത്തെ വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തു. വര്‍ക്കല പുത്തന്‍ചന്ത സ്വദേശി ചരുവിള വീട്ടില്‍ ഗോപാലന്‍ മകന്‍ സുരേഷ് (58), വെട്ടൂര്‍ ചിനക്കര വീട്ടില്‍ ഷിബു മകന്‍ അന്‍സില്‍ (18), കല്ലമ്പലം തോട്ടയ്ക്കാട് അമീന്‍ വില്ലയില്‍ അബ്ദുല്‍ ഒഫൂര്‍ (52) എന്നിവര്‍ ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ അടങ്ങിയ സംഘമാണ് പോലീസിന്റെ പിടിയിലായത്.
വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്തിരുന്ന പള്‍സര്‍ ബൈക്ക് മോഷണം പോയതിനെ തുടര്‍ന്ന് ലഭിച്ച പരാതിയിന്മേല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ആണ് സംഘത്തെ പിടികൂടിയത്. നിലവില്‍ മൂന്ന് കേസുകളാണ് സമാന രീതിയില്‍ വര്‍ക്കല സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.കുട്ടികളെ ഉപയോഗിച്ച് മോഷണം നടത്തുകയും തുച്ഛമായ പണം നല്‍കിക്കൊണ്ട് ഈ വാഹനങ്ങള്‍ വാങ്ങി പൊളിച്ചു വില്‍ക്കുകയും ചെയ്തു വരുന്ന സംഘമാണ് കൃത്യത്തിനു പിന്നിലെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അന്വേഷണത്തില്‍ സ്റ്റേഷന്‍ പരിധിയിലെ മറ്റ് രണ്ട് ബൈക്കുകള്‍ കൂടി പൊളിച്ചു വിറ്റതായി പ്രധാന പ്രതിയായ സുരേഷ് മൊഴി നല്‍കിയിട്ടുണ്ട്.
അബ്ദുള്‍ ഒഫൂര്‍ ആണ് പൊളിച്ച ബൈക്കിന്റെ പാര്‍ട്‌സ് വാങ്ങിയത്. ഇത്തരത്തില്‍ വാഹനങ്ങള്‍ മോഷണം നടത്തി പൊളിച്ചു മറ്റ് സംസ്ഥാനങ്ങളിലേക്ക് വില്‍പ്പന നടത്തുന്ന സംഘങ്ങളെകുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും കാണാതായ വാഹനത്തിന്റെ പാര്‍ട്‌സ് പ്രതികളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കുറിച്ചുള്ള അന്വേഷണം മറ്റ് സ്ഥലങ്ങളില്‍ കൂടി വ്യാപിപ്പിച്ചു കര്‍ശനമായ നിയമനടപടികള്‍ കൈക്കൊള്ളുന്നതിന് ആവശ്യമായ നടപടികള്‍ പോലീസ് സ്വീകരിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.
ഇങ്ങനെയുള്ള പ്രവര്‍ത്തികളെ പ്രോത്സാഹിപ്പിക്കുകയും, മോഷണവാഹനങ്ങളുടെ പാര്‍ട്‌സ് വാങ്ങുന്ന ആക്രി വ്യാപാര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ഉള്ളവയിലേക്കും അന്വേഷണം വ്യാപിപ്പിക്കും. കുട്ടികളെ ബോധവത്കരണ ക്ലാസ്സുകള്‍ നല്‍കി ഉത്തമ പൗരന്മാര്‍ ആക്കി മാറ്റുന്നതിനുള്ള നടപടികളും പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു .ജില്ലാ പോലീസ് മേധാവി ഡി ശില്‍പയുടെ നിര്‍ദ്ദേശാനുസരണം വര്‍ക്കല ഡിവൈഎസ്‌പി പി. നിയാസിന്റെ നേതൃത്വത്തില്‍ വര്‍ക്കല എസ്എച്ച്ഒ സനോജ്.എസ്, സബ്ബ് ഇന്‍സ്‌പെക്ടര്‍ രാഹുല്‍ പി. ആര്‍, സബ്ബ് ഇന്‍സ്‌പെക്ടര്‍ മനോജ്, അസിസ്റ്റന്റ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ലിജോ ടോം ജോസ്, ഷാനവാസ്, ഫ്രാങ്ക്ളിന്‍, സിപിഒമാരായ ഷിജു, ഷൈജു സിപിഒമാരായ ഷജീര്‍, പ്രശാന്ത് കുമാരന്‍ , ശ്രീജിത്ത്, എന്നിവരുള്‍പ്പെട്ട അന്വേഷണ സംഘമാണ് ഇരുചക്രവാഹന മോഷ്ടാക്കളെ പിടികൂടിയത്.