ഉമ്മൻ ചാണ്ടിയുടെ ചികിത്സ യൂറോപ്പിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നായ ചാരിറ്റി ക്ലിനിക്കിൽ; നാളെ രാവിലെ പുറപ്പെടും


കോട്ടയം: ചികിത്സയ്ക്കായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പോകുന്നത് ജർമ്മനിയിലെ പ്രശസ്തമായ ചാരിറ്റി ക്ലിനിക്ക് ആശുപത്രിയിൽ. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആശുപത്രികളിലൊന്നാണ് 312 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ചാരിറ്റി ക്ലിനിക്ക്. മലയാളികൾ ഉൾപ്പെടെയുള്ളവർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. നാളെ പുലർച്ചെ തിരുവനന്തപുരത്ത് നിന്നും ഉമ്മൻ ചാണ്ടി ജർമനിയിലേക്ക് പുറപ്പെടും. മകൻ ചാണ്ടി ഉമ്മൻ, മകൾ മറിയം, ബെന്നി ബഹനാൻ എം പി എന്നിവർക്കൊപ്പം ജർമൻ ഭാഷ കൈകാര്യം ചെയ്യാനറിയുന്ന കോൺഗ്രസ് പ്രവർത്തകൻ ജിൻസൺ എന്നിവർ ഒപ്പമുണ്ടാകും. ശസ്ത്രക്രിയ ആവശ്യമായി വന്നാൽ ചെയ്ത ശേഷമേ മടങ്ങൂ എന്ന് കുടുംബവൃത്തങ്ങൾ വ്യക്തമാക്കിയതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബെർലിനിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് തൊഴിൽ നൽകുന്ന സ്ഥാപനങ്ങളിലൊന്നായി അറിയപ്പെടുന്ന ചാരിറ്റി ക്ലിനിക്ക് ആശുപത്രിയിൽ 11 നൊബേൽ സമ്മാന ജേതാക്കൾ ഗവേഷകരായി പ്രവർത്തിച്ചിട്ടുണ്ട്. 78കാരനായ ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില 2019 മുതല്‍ മോശമാണെന്ന് മകന്‍ ചാണ്ടി ഉമ്മന്‍ വ്യക്തമാക്കിയിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ ജീവന് ഭീഷണിയുണ്ടെന്നും കുടുംബാംഗങ്ങള്‍ അദ്ദേഹത്തിന് ചികിത്സ നിഷേധിക്കുകയാണെന്നും തരത്തിലുള്ള വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ടാണ് മകന്‍ ചാണ്ടി ഉമ്മന്‍ രംഗത്തെത്തിയത്.

Previous Post Next Post