സ്യൂട്ട്‌കേസിനുള്ളില്‍ സഞ്ചിയില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍; കണ്ടെത്തിയത് വനമേഖലയിൽ

 ന്യൂഡല്‍ഹി: ഫരീദാബാദിലെ വനമേഖലയില്‍ സഞ്ചിയില്‍ പൊതിഞ്ഞ നിലയില്‍ സ്യൂട്ട്‌കേസില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തിയതായി പൊലീസ്. ചെക്ക് പോസ്റ്റിന് സമീപത്തെ കുറ്റിക്കാട്ടിലാണ് സ്യൂട്ട് കേസ് കണ്ടെത്തിയത്. സ്യൂട്ട്്‌കേസ് ശ്രദ്ധയില്‍പ്പെട്ട വഴിയാത്രക്കാരന്‍ വിവരം അറിയിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

ഇന്നലെ ഉച്ചയോടെയാണ് വഴിയാത്രക്കാരന്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ സ്യൂട്ട് കേസ് കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും രണ്ട് ക്രൈബ്രാഞ്ച് സംഘവും സ്ഥലത്തെത്തി. ഫോറന്‍സിക് വിദഗ്ധര്‍ സാംപിളുകള്‍ പരിശോധിച്ചതായും വിദഗ്ധ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും പൊലീസ് പറഞ്ഞു. സമീപത്തെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സ്യൂട്ട് കേസ് കണ്ടെത്തിയെന്നറിഞ്ഞതിന് പിന്നാലെ ശ്രദ്ധ കൊലപാതകക്കേസ് അന്വേഷണസംഘം ബന്ധപ്പെട്ടതായി പൊലീസ് പറഞ്ഞു. എന്നാല്‍ ഡല്‍ഹി കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

സമീപ പ്രദേശങ്ങളായ ഡല്‍ഹി, ഗുരുഗ്രാം, നൂഹ് ജില്ലകള്‍ ഉള്‍പ്പെടെ ഫരീദാബാദിന്റെ സമീപ പ്രദേശങ്ങളിലെ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കാണാതായ ആളുകളുടെ വിവരങ്ങള്‍ ശേഖരിക്കുമെന്ന് പൊലിസ് പറഞ്ഞു. ഇത്തരത്തില്‍ എന്തെങ്കിലും വിവരങ്ങള്‍ ലഭിച്ചാല്‍ പൊലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.


Previous Post Next Post