വിഴിഞ്ഞത്തെ അക്രമസംഭവങ്ങള്‍ സര്‍ക്കാര്‍ തിരക്കഥയാണെന്ന് ലത്തീന്‍ അതിരൂപത




തിരുവനന്തപുരം : വിഴിഞ്ഞം സമരത്തിനിടെ കഴിഞ്ഞ ദിവസം നടന്ന അക്രമസംഭവങ്ങള്‍ സര്‍ക്കാര്‍ തിരക്കഥയാണെന്ന് ലത്തീന്‍ അതിരൂപത.
സമാധാനമായി നടന്നുവന്ന സമരമായിരുന്നു.

 അതിനെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്ത തിരക്കഥയാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ കണ്ടത്. സമരക്കാര്‍ക്കെതിരെയുണ്ടായ അക്രമം സര്‍ക്കാരിന്റെയും അദാനിയുടെയും പിന്തുണയോടെയാണെന്നും അതിരൂപത വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര ആരോപിച്ചു.

ന്യായമായി സമരം ചെയ്യുന്നവരെ ആക്രമിക്കാന്‍ ആരാണ് മുന്‍കൈയെടുത്തത്? നിരന്തര പ്രകോപനമുണ്ടായതോടെ വികാരപരമായി പ്രതികരിക്കുകയാണുണ്ടായത്. 

സമരത്തെ നിര്‍വീര്യമാക്കാന്‍ ആസൂത്രണം നടന്നു. ഒരു കുറ്റകൃത്യത്തിലും ഉള്‍പ്പെടാത്തവര്‍ക്കുമേല്‍ വധശ്രമ കുറ്റമടക്കം ചുമത്തി. അറസ്റ്റിനെ അന്വേഷിക്കാന്‍ വന്നവരെയും പൊലീസ് കസ്റ്റഡിയിലെടുത്തെന്നും യൂജിന്‍ പെരേര മാധ്യമങ്ങളോട് ചൂണ്ടിക്കാട്ടി.

ഇന്നലെ നടന്ന സംഭവം ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ആ സംഘര്‍ഷത്തിനു പിന്നില്‍ ബാഹ്യശക്തികളുടെ ഇടപെടലുണ്ട്. 

പൊലീസ് പലരെയും തട്ടിക്കൊണ്ടുപോയി. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ നടന്ന അക്രമത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. സര്‍ക്കാരിന് ധൈര്യമുണ്ടെങ്കില്‍ അന്വേഷണം പ്രഖ്യാപിക്കട്ടെ. അക്രമം അഴിച്ചുവിട്ടവരുടെ ചേതോവികാരം എന്താണെന്ന് കണ്ടുപിടിക്കട്ടെയെന്നും ഫാദര്‍ യൂജിന്‍ ആവശ്യപ്പെട്ടു.
Previous Post Next Post